ജയസൂര്യയ്ക്ക് ഇന്ന് നിർണായകം; ലൈംഗികാതിക്രമക്കേസിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കും

ലൈംഗികാതിക്രമക്കേസില്‍ നടന്‍ ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയില്‍ അറിയിച്ചത് പ്രകാരം കഴിഞ്ഞ പതിനെട്ടാം തീയതി ജയസൂര്യ വിദേശത്തു നിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിലാണ് കേസ്.

തനിക്കെതിരായ കേസ് കെട്ടി ചമച്ചതാണെന്നും പീഡനം നടന്നതായി ആരോപിക്കുന്ന തിയതികളില്‍ വൈരുധ്യമുണ്ടെന്നും നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ജയസൂര്യ വാദിച്ചിരുന്നു. വിദേശത്തായതിനാല്‍ എഫ്ഐആര്‍ കണ്ടിട്ടില്ലെന്നും ജയസൂര്യ ചൂണ്ടിക്കാട്ടുന്നു. പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ഷൂട്ടിങ് നടന്നിട്ടില്ലെന്നും ജയസൂര്യ പറയുന്നു. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് നിലപാട് തേടിയിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.