സില്‍വര്‍ലൈന്‍ പാനല്‍ ചര്‍ച്ച; ജോസഫ് സി. മാത്യുവിനെ ഒഴിവാക്കി

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ എതിര്‍പ്പ് ഉന്നയിക്കുന്ന വിദഗ്ധരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് നടത്തുന്ന സംവാദത്തിന്റെ പാനലില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കി. അദ്ദേഹത്തിന് പകരം പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. ആര്‍ ശ്രീധര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ശ്രീധര്‍ ഉപാധികളോടെയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. ഡിജിറ്റല്‍ സര്‍വ്വകലാശാല വി സി സജി ഗോപിനാഥിന് പകരം ഡോ കുഞ്ചെറിയ ഐസക് സംവാദത്തില്‍ പങ്കെടുക്കും.

മോഹന്‍ മേനോനാണ് സംവാദത്തിന്റെ മോഡറേറ്റര്‍. പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംവാദം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. സില്‍വര്‍ലൈനിന് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ അലോക് വര്‍മ്മ, ആര്‍വിജി മേനോന്‍, എന്നിവരും സംവാദത്തില്‍ പങ്കെടുക്കും.

പദ്ധതിയെ അനുകൂലിക്കുന്നവരുടെ പാനലിലാണ് ഡിജിറ്റല്‍ സര്‍വ്വകലാശാല വി സി സജി ഗോപിനാഥ് ഉള്‍പ്പെട്ടിരുന്നത്. സജി ഗോപിനാഥ് സ്ഥലത്തില്ലാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പാനലില്‍ നിന്ന് മാറ്റിയിരിക്കുന്നത്.

Read more

അതേ സമയം തന്നെ ഒഴിവാക്കുന്നതായി അറിയിച്ചിട്ടില്ലെന്ന് ജോസഫ് സി മാത്യു പ്രതികരിച്ചിരുന്നു. പദ്ധതിയെ എതിര്‍ക്കുന്നവരെയും ചര്‍ച്ചയ്ക്ക് ക്ഷണിക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നാണ് സംവാദത്തിലേക്ക് ക്ഷണിച്ചത്. പാനലില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.