സി.ബി.ഐ വന്നതു കൊണ്ടാണ് സത്യസന്ധമായ അന്വേഷണം നടന്നത്, കേരള പൊലീസ് ആയിരുന്നുവെങ്കില്‍ സത്യം പുറത്തു വരില്ലായിരുന്നു: കെ. സുധാകരന്‍

സോളാര്‍ കേസ് സിബിഐ ഏറ്റെടുത്തതുകൊണ്ട് സത്യം പുറത്തുവന്നെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. സിബിഐ വന്നതുകൊണ്ടാണ് സത്യസന്ധമായ അന്വേഷണം നടന്നതെന്നും കേരള പൊലീസ് ആയിരുന്നുവെങ്കില്‍ സത്യം പുറത്തുവരുമായിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എപി അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീന്‍ ചീറ്റ് നല്‍കിയതില്‍ പ്രതികരിക്കുകയായിരുന്നു സുധാകരന്‍. ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ച് സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിയില്‍ തെളിവില്ലെന്ന് കാണിച്ചാണ് സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമെന്നും റിപ്പോര്‍ട്ട്.

അതേസമയം, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും. ഇതിനായി ജയരാജന്‍ വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ജയരാജന്‍ മറുപടി നല്‍കുമെന്നാണ് അറിയുന്നത്.

സെക്രട്ടറിയറ്റില്‍ പങ്കെടുക്കുമെന്ന സൂചന ഇ.പി ജയരാജനും നല്‍കി കഴിഞ്ഞു. തിരുവനന്തപുരത്ത് പോകുന്നതില്‍ എന്താണ് പ്രശ്‌നം, താന്‍ കേരളം മുഴുവന്‍ യാത്ര ചെയ്യുന്ന ആളാണെന്നായിരുന്നു ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചത്.