കര്‍ഷകരെ കൊണ്ട് ലോണ്‍ എടുപ്പിച്ചും എസ്.പി.സി കോടികള്‍ കൈക്കലാക്കി

തങ്ങള്‍ നിര്‍മിക്കുന്ന വളം വാങ്ങാന്‍ ലോണ്‍ എടുപ്പിച്ച് സ്‌പൈസസ് പ്രൊഡ്യുസര്‍ കമ്പനി ( എസ് പി സി ) കര്‍ഷകരെ വെട്ടിലാക്കി. നെടുങ്കണ്ടം അര്‍ബന്‍ സഹകരണ ബാങ്കില്‍ നിന്ന് നിരവധി കര്‍ഷകര്‍ക്കാണ് കമ്പനി ലോണ്‍ എടുപ്പിച്ച് നല്‍കിയത്. വളം വാങ്ങിയാല്‍ സബ്‌സിഡി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് കര്‍ഷകരെക്കൊണ്ട് ലോണ്‍ എടുപ്പിക്കുകയായിരുന്നു.

ഈ ലോണ്‍ തുക കര്‍ഷകര്‍ക്ക് നല്‍കാതെ നേരെ എസ് പി സി കമ്പനിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. കാര്‍ഷികലോണിന് പകരം ബിസിനസ് ലോണാണ് കര്‍ഷകരെക്കൊണ്ട് ഇവര്‍ എടുപ്പിച്ചത്. ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് ബാങ്കില്‍ നിന്ന് ജപ്തിനോട്ടീസ് വന്നപ്പോഴാണ് ചതി മനസിലായത്.

കാര്‍ഷിക ലോണിനെക്കാള്‍ കൂടിയ പലിശക്ക് ലോണ്‍ നല്‍കുകയും എസ് പി സിയുടെ വ്യാജ വളം കര്‍ഷകരെക്കൊണ്ട് വാങ്ങിപ്പിക്കുകയും ചെയ്തു. ഈ വളം ഉപയോഗിച്ച് കൃഷി ചെയ്തത് മൂലം വലിയ വിള നാശമാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വന്നത്. ഇതേ തുടര്‍ന്ന് കര്‍ഷക രക്ഷാ സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും പരാതിയും നല്‍കി. ജപ്തി ഭീഷണിമൂലം തങ്ങള്‍ ആത്മഹത്യയുടെ വക്കത്താണെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷകരെ കബളിപ്പിക്കാന്‍ ബാങ്കും കൂട്ടുനില്‍ക്കുകയായിരുന്നെന്ന് പരാതിയില്‍ കര്‍ഷകര്‍ ആരോപിക്കുന്നുണ്ട്.

No description available.

ഇടുക്കി ജില്ലയില്‍ കമ്പനി നടത്തിയ വ്യാപകമായ തട്ടിപ്പ് പുറത്താവുകയും, കര്‍ഷകര്‍ക്ക് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കുകയും ചെയ്തതോടെ അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിച്ച് കേരളത്തിന്റെ വടക്കന്‍ ജില്ലകളിലേക്ക് കമ്പനി നീങ്ങുകയായിരുന്നു. ജൈവ വളമെന്ന പേരില്‍ കമ്പനി ഇറക്കിയ വ്യാജ വളമാണെന്ന് കര്‍ഷകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കൃഷി വകുപ്പിന്റെ അന്വേഷണത്തില്‍ ബോധ്യപ്പെടുകയും ചെയ്തപ്പോള്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. എന്നാല്‍ ഇത് മറച്ച് വച്ചാണ് വടക്കന്‍ ജില്ലകളില്‍ വ്യാപകമായ തോതില്‍ വളത്തിന്റെ ഫ്രാഞ്ചസികള്‍ നല്‍കി കമ്പനി തട്ടിപ്പ് നടത്തുന്നത്.

പ്രാണാ ഇന്‍സൈറ്റ് എന്ന പേരില്‍ എഡ്യുക്കേഷന്‍ ആപ്പ് നിര്‍മിച്ച് മണി ചെയിന്‍ മാതൃകയില്‍ കമ്പനി നടത്തുന്ന തട്ടിപ്പിനെതിരെയും വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എഴുപത്തിയെണ്ണായിരം രൂപ മുടക്കി ഈ ആപ്പിന്റെ ഫ്രാഞ്ചസി എടുക്കുന്നയാള്‍ക്ക് നാല്‍പ്പത് ശതമാനം ലാഭവിഹതിമെന്ന വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. അയാളുടെ കാലശേഷം പിന്‍ തലമുറക്കും ഇതിന്റെ ലാഭ വിഹിതം ലഭിക്കുമത്രെ.

പ്രാണാ ആപ്പിന്റെ പേരില്‍ മൂന്ന് കമ്പനികള്‍ ഇവര്‍ രജിസ്റ്റര്‍ ചെയ്തതായി അറിയുന്നു. ഒരു കമ്പനിയില്‍ നിന്ന് ലഭിക്കുന്ന പണം മറ്റൊരു കമ്പനിയിലേക്ക് മാറ്റി തട്ടിപ്പ് നടത്താനാണിതെന്നും സൂചനയുണ്ട്. ഏത് കമ്പനിയിലാണ് തങ്ങള്‍ നിക്ഷേപിക്കുന്നതെന്ന് നിക്ഷേപകര്‍ അറിയില്ലന്നതാണ് ഇതിന് പിന്നിലെ രഹസ്യം.

Read more

വ്യാജ വളവും, എഡുക്കേഷന്‍ ആപ്പും വഴി കോടികളുടെ തട്ടിപ്പാണ് ഈ കമ്പനി കേരളമൊട്ടുക്കും നടത്തുന്നത്. ഈ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനും വ്യാപരമായി കമ്പനി ശ്രമിക്കുന്നുണ്ട്. കബളിപ്പിക്കപ്പെട്ട കര്‍ഷര്‍ പരാതി നല്‍കിയാല്‍ അവരെയും കമ്പനി ഭീഷണിപ്പെടുത്തും. ഭീഷണികള്‍ അവഗണിച്ചും കമ്പനിയുടെ തട്ടിപ്പിനെതിരെ നിരവധി കര്‍ഷകരാണ് പരാതികളുമായി രംഗത്ത് വന്നിരിക്കുന്നത്.