സംസ്ഥാന ബജറ്റില്‍ ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. കോവിഡാനന്തരവും വര്‍ക്ക് ഫ്രം ഹോം പോലുള്ള ആശയങ്ങള്‍ നിലനില്‍ക്കാനും വലിയ അളവില്‍ തുടര്‍ന്ന് പോകാനുമാണ് സാധ്യതയെന്ന് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള കമ്പനികള്‍ക്കായി ഓണ്‍ലൈനായി തൊഴിലെടുത്ത് നല്‍കുക എന്ന സാധ്യത വലിയ രീതിയില്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് വേണ്ടിയാണ് ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതി.
ഐടി അധിഷ്ടിത സൗകര്യങ്ങളുള്ള തൊഴില്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും തുടങ്ങുന്നതോടെ അഭ്യസ്ഥവിദ്യരായ വീട്ടമ്മമാര്‍ക്കുള്‍പ്പെടെ തൊഴിലുകളുടെ ഭാഗമാകാന്‍ കഴിയും. ഈ പദ്ധതിക്കായി 50 കോടി രൂപ നീക്കി വക്കുന്നതായി ധനമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ബജറ്റില്‍ പ്രഖ്യാപനമായി. 1000 കോടി ചിലവഴിച്ച് 3 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് നീക്കം. കൊല്ലത്തും കണ്ണൂരിലും പുതിയ ഐടി പാര്‍ക്കുകള്‍ക്കായി സ്ഥലമേറ്റെടുക്കാന്‍ 1000 കോടി അനുവദിച്ചു. സ്ഥലമേറ്റെടുത്താല്‍ ഉടന്‍ നിര്‍മ്മാണം തുടങ്ങുമെന്നും ദേശീയ പാത 66 ന് സമാന്തരമായി നാല് ഐടി ഇടനാഴികള്‍ കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്ത് ഈ വര്‍ഷം ആരംഭിക്കുന്ന 5ജി സര്‍വ്വീസ് കേരളത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. 5ജി സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ കേരളം മുന്നിലെത്തും. ഇതിനായി 5ജി ലീഡര്‍ഷിപ്പ് പാക്കേജ് ഇടനാഴികള്‍ പ്രഖ്യാപിച്ചു. ഐടി ഇടനാഴികളില്‍ 5ജി ലീഡര്‍ഷിപ്പ് പാക്കേജും പ്രഖ്യാപിച്ചു.
വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്ക്കുമായി 2000 കോടി അനുവദിച്ചു. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായി വലിയ വിലക്കയറ്റവും സംസ്ഥാനത്തെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധികളും ഉടലെടുത്തേക്കാം. എന്നാല്‍ പ്രതിസന്ധികളെ ഒരുമിച്ച് നിന്ന് നേരിടാമെന്ന അത്മവിശ്വാസം കേരളം നേടിയിരിക്കുന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായി പറഞ്ഞു.
Read more
കേരളം കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് കരകറുകയാണെന്ന് ധനമന്ത്രി ബജറ്റ് അവതരണം തുടക്കത്തില്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരമം കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.