സംസ്ഥാനത്ത് പ്ലസ്വണ്‍ പ്രവേശനത്തിന് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത് 73,724 അധിക സീറ്റ്. മാര്‍ജിനല്‍ സീറ്റ് വര്‍ധനവിലൂടെ 61,759 സീറ്റും മുന്‍വര്‍ഷങ്ങളിലെ 178 താല്‍ക്കാലിക ബാച്ചിലെ 11,965 സീറ്റും അനുവദിച്ചു.
ഹയര്‍ സെക്കന്‍ഡറിയിലെ 4,33,231 സീറ്റും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ 33,030 സീറ്റുകളും ചേര്‍ത്ത് 4,66,261 സീറ്റാണ് ഉപരിപഠനത്തിന് അര്‍ഹരായവര്‍ക്ക് നിലവിലുള്ളത്. ഐടിഐയില്‍ 61,429ഉം പോളിടെക്‌നിക്കിന് 9990ഉം സീറ്റുണ്ട്. ഇതടക്കം 5,37,680 സീറ്റുകള്‍ ഉപരിപഠനത്തിനായുണ്ട്. സംസ്ഥാനത്ത് സ്റ്റേറ്റ് സിലബസില്‍ എസ്എസ്എല്‍സി പരീക്ഷ വിജയിച്ചത് 4,25,563 വിദ്യാര്‍ഥികളാണ്. സിബിഎസ്ഇയില്‍ 60,272 പേരും ഐസിഎസ്ഇ 7185 പേരും പത്താംക്ലാസ് വിജയിച്ചു. ആകെ 4,93,020 പേരാണ് ഉപരിപഠനത്തിനെത്തുന്നത്.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും മറ്റ് സ്‌കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റാണ് വര്‍ധിപ്പിച്ചത്. ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 ശതമാനം മാര്‍ജിനില്‍ സീറ്റ് വര്‍ധനവും നടത്തി. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെയും അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെയും സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും 20 ശതമാനം മാര്‍ജിനില്‍ സീറ്റും വര്‍ധിപ്പിച്ചു.
Read more
മലപ്പുറത്ത് ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ക്ക് സീറ്റ് കുറവെന്ന ആരോപണം അവാസ്തവമാണ്. മലപ്പുറത്ത് 79,730 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇവിടെ 70,976 ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ ലഭ്യമാണ്. ഇതില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ 33,925 സീറ്റും എയ്ഡഡ് സ്‌കൂളുകളിലെ 25,765 സീറ്റും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ 11,286 സീറ്റും ഉണ്ട്. കൂടാതെ വിഎച്ച്എസ്ഇ, ഐടിഐ, പോളിടെക്‌നിക് തുടങ്ങിയ മേഖലകളില്‍ 9214 സീറ്റും ലഭ്യമാണ്. ആകെ 80,190 സീറ്റ് മലപ്പുറത്തുമാത്രം ലഭ്യമാണ്.