അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈകോ; നടപടി പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല

ഓണച്ചന്തകൾ തുടങ്ങാനിരിക്കെ അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈകോ. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. 7 വർഷത്തിന് ശേഷമുള്ള നാമ മാത്ര വർധനയെന്നാണ് മന്ത്രി ജി ആർ അനിലിന്‍റെ വിശദീകരണം. അതേസമയം ചെറുപയറിനും വെളിച്ചെണ്ണക്കും വില കുറച്ചിട്ടുണ്ട്. നടപടി പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയിൽ വിലവർധിപ്പിച്ചിരിക്കുകയാണ്. കുറുവ അരിയുടെ വില 30 രൂപയിൽ നിന്ന് 33 രൂപയാക്കി. മട്ട അരിക്കും കിലോയ്ക്ക് മൂന്നു രൂപ കൂട്ടി. പച്ചരി വില 26 രൂപയിൽ നിന്ന് 29 രൂപയായി. തുവര പരിപ്പിന്‍റെ വില 111 രൂപയിൽ നിന്ന് 115 രൂപയായി. പഞ്ചസാരയ്ക്ക് ആറു രൂപ കൂട്ടി. 27 രൂപയായിരുന്നു ഇതുവരെയെങ്കിൽ ഇന്ന് 33 രൂപയായി ഉയർന്നു.

തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത്തവണത്തെ ഓണം സപ്ലൈക്കോ ഫെയർ ഉദ്ഘാടനം ചെയ്യുക. ഭക്ഷ്യ – പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിലിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പു മന്ത്രി വി ശിവൻകുട്ടി ആദ്യ വില്പന നടത്തും.

സെപ്തംബര്‍ 5 മുതൽ 14 വരെയാണ് ഓണം ഫെയറുകൾ സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാതല ഫെയറുകൾ സെപ്തംബര്‍ 6 മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സൗകര്യങ്ങളോടെ സംഘടിപ്പിച്ചിട്ടുണ്ട്. 13 ഇനം സബ്സിഡി സാധനങ്ങൾക്കു പുറമെ ശബരി ഉല്പന്നങ്ങൾ, മറ്റ് എഫ് എം സി ജി ഉല്പന്നങ്ങൾ, മിൽമ ഉല്പന്നങ്ങൾ, കൈത്തറി ഉല്പന്നങ്ങൾ, പഴം, ജൈവപച്ചക്കറികൾ എന്നിവ മേളയിൽ വിലക്കുറവിൽ വില്പന നടത്തും.

അതേസമയം അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചത് ഉടന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ വിലവര്‍ധന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി മാറിയിരിക്കുന്നു. വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും നട്ടം തിരിയുന്ന ജനങ്ങളെ ഈ ഓണക്കാലത്തു പിഴിയുന്നത് മര്യാദകേടാണ്. സര്‍ക്കാരിന്റെ ധൂര്‍ത്തിനു പണം കണ്ടെത്താന്‍ പാവം ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read more