കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് എതിരെയുള്ള വ്യാജരേഖ കേസ്: വൈദികര്‍ക്ക് ജാമ്യം

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസില്‍ പ്രതികളായ ഫാദര്‍ പോള്‍ തേലക്കാട്ടിനും ഫാദര്‍ ആന്റണി കല്ലൂക്കാരനും മുന്‍കൂര്‍ ജാമ്യം. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്.

വ്യാജരേഖ നിര്‍മ്മിച്ചു എന്ന് പൊലീസിന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. പൊലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണം എന്നുള്‍പ്പെടെയുള്ള മുന്‍കൂര്‍ ഉപാധികളോടെയാണ് രണ്ട് പ്രതികള്‍ക്കും കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.

മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണവുമായി പ്രതികള്‍ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. എന്നാല്‍ പ്രോസിക്യൂഷന് കേസില്‍ അമിത താത്പര്യമെന്തെന്ന് കോടതി ചോദിച്ചു. വ്യാജരേഖ നിര്‍മ്മിച്ചുവെന്ന ഐപിസി 468 വകുപ്പ് ഇപ്പോള്‍ നില നില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇപ്പോള്‍ സമര്‍പ്പിച്ചതല്ലാതെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാനുള്ള മറ്റു തെളിവുകളുണ്ടോ എന്ന് കോടതി ചോദിച്ചു. പ്രതികള്‍ സമൂഹത്തില്‍ നിലയും വിലയുമുള്ളവരല്ലേ എന്നും കോടതി ചോദിച്ചു.

Read more

അതേസമയം, ഈ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അഡ്വ. ജോര്‍ജ് ജോസഫ് വ്യക്തമാക്കി.