താനൂര്‍ ബോട്ട് അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കുന്നതിലുണ്ടായ ഗുരുതരമായ വീഴ്ച മരണസംഖ്യ ഉയരാന്‍ കാരണമായെന്നാണ് വിലയിരുത്തുന്നത്. സാധാരണ വൈകിട്ട് അഞ്ച് മണിക്ക് ശേഷം സാധാരണ യാത്രാ ബോട്ടുകള്‍ സര്‍വീസ് നടത്താറില്ല.
എന്നാല്‍ അപകടത്തില്‍പ്പെട്ട ബോട്ട് ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് യാത്ര തിരിച്ചത്. അമിതഭാരമാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബോട്ടില്‍ എത്ര യാത്രക്കാരാണ് ഉണ്ടായിരുന്നത് എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല.
40 ടിക്കറ്റുകളെങ്കിലും വിറ്റിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കൃത്യമായി അറിയാത്തതിനാല്‍ തന്നെ ഇനി ആരെയെങ്കിലും കണ്ടെത്താനുണ്ടോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ബോട്ടില്‍ ലൈഫ് ജാക്കറ്റുകള്‍ അടക്കമുള്ള ക്രമീകരണങ്ങളും ഉണ്ടായിരുന്നില്ല.
ബോട്ട് പുറപ്പെട്ട് ഏകദേശം 300 മീറ്റര്‍ എത്തിയപ്പോള്‍ തന്നെ അപകടമുണ്ടായെന്നാണ് വിവരം. ആദ്യം ഇടത്തോട്ട് ചെരിഞ്ഞ ബോട്ട് പിന്നീട് മുങ്ങിത്താഴുകയായിരുന്നു. ബോട്ടിന്റെ ഒരു ഭാഗം ചരിഞ്ഞതോടെ കുറച്ചുപേര്‍ പുഴയിലേക്ക് ചാടിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പരിഭ്രാന്തിയില്‍ ആളുകള്‍ നീങ്ങിയപ്പോള്‍ ബോട്ട് തലകീഴായി മറിഞ്ഞതാകാമെന്നാണ് നിഗമനം.
Read more
അപകടത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 22 ആയി. രക്ഷപ്പെടുത്തിയവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലകീഴായി മറിഞ്ഞ ബോട്ട് രണ്ട് മണിക്കൂറിന് ശേഷം കരയ്ക്ക് അടുപ്പിക്കമ്പോള്‍ ഒട്ടേറെ പേര്‍ അതില്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. മരിച്ചവരില്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണ്.