മലപ്പുറം താനൂരിൽ നടന്ന ബോട്ടപകടത്തിൽ ഇരുപതിലേറെ ജീവനുകളാണ് പൊലിഞ്ഞത്. ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നതുൾപ്പെടെ നിരവധി വീഴ്ചകളാണ് ബോട്ട് യാത്രയിൽ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ബോട്ടിന്റെ ലൈസൻസ് നേടിയതിൽ തന്നെ ദുരൂഹതയുണ്ടെന്നാണ് ആരോപണം. അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ടായ അറ്റ്ലാന്റിക് മത്സ്യബന്ധന ബോട്ട് രൂപം മാറ്റിയുണ്ടാക്കിയതെന്നാണ് സംശയം.
യാർഡിൽ പോയി ബോട്ടിന് മാറ്റം വരുത്തിയതാണെന്നാണ് സൂചന. ഇത്തരം ബോട്ടുകൾക്ക് വിനോദസഞ്ചാരത്തിന് ലൈസൻസ് കൊടുക്കാറില്ലെന്നിരിക്കെ അറ്റ്ലാന്റിക്കിന് എങ്ങനെ ലഭിച്ചുവെന്നാണ് ഉരുന്ന ചോദ്യം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബോട്ടിന്റെ വശങ്ങളിൽ അപകടകരമായ രീതിയിൽ ആളുകൾക്ക് നിൽക്കാനും സൗകര്യമുണ്ടായിരുന്നു. അനുവദനീയമായതിലും കൂടുതൽ പേരുമായി യാത്രപുറപ്പെട്ട ബോട്ടിലെ യാത്രക്കാർ കൂടുതൽ പേർ വശങ്ങളിലേക്ക് മാറിയതാണോ അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
Read more
അതേ സമയം ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. താനൂർ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. നരഹത്യ ഉൾപ്പെടെ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്.