ആലപ്പുഴയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ വാഹനമിടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാർ കണ്ടെത്തിയത്. ഇന്നലെ മുതൽ സംശയാസ്പദമായ നിലയിൽ കാർ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. മാരാരിക്കുളം പൊലീസ് സംഘമെത്തി കാർ പരിശോധിച്ച് പ്രതികളുടേതെന്ന് സ്ഥിരീകരിച്ചു.
അപകടം നടന്നതിന്റെ കേടുപാടുകൾ കാറിന്റെ മുൻവശത്തുണ്ട്. സംശയാസ്പദമായ നിലയിൽ കാർ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസെത്തി പരിശോധന തുടർന്നത്. ഫൊറൻസിക് ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ട്. വിരലടയാളമോ മറ്റ് തെളിവുകളോ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
Read more
അതിനിടെ കെ എസ് ഷാനിന്റെ കൊലപാതകത്തിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പ്രസാദ്, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. കൊലക്കേസിലെ മുഖ്യ ആസൂത്രകരാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു. ആർഎസ്എസ് പ്രവർത്തകനായ പ്രസാദാണ് കൊലപാതകത്തിന്റെ മുഖ്യആസൂത്രകൻ. കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കിയതും ആളുകളെ ഏകോപിപ്പിച്ചതും വണ്ടി സംഘടിപ്പിച്ചതും പ്രസാദാണ്. ഷാൻ വധക്കേസിൽ പത്ത് പേരുടെ പങ്കാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇവരിൽ എട്ടുപേരാണ് ഇനി പിടിയിലാകാനുള്ളത്. ഇതു കൂടാതെ മറ്റാർക്കെങ്കിലും ഗൂഢാലോചനയിൽ പങ്കുണ്ടോ എന്നും പരിശോധിച്ചു വരികയാണ്.