'സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും'; പികെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ജില്ല കമ്മിറ്റി

പികെ ശശിയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഎം പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് യോഗം. ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യമാണ് സിപിഎം പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് യോഗം ഉന്നയിച്ചിരുക്കുന്നത്. നേരത്തെയും പികെ ശശിയ്‌ക്കെതിരെ പാലക്കാട് ജില്ലാ കമ്മിറ്റി ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടുമാണ് പികെ ശശിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നായിരുന്നു പാലക്കാട് ജില്ല കമ്മിറ്റിയില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനം. എ വിജയരാഘവന്‍ ഉള്‍പ്പെടെ പങ്കെടുത്ത സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്.

സെക്രട്ടറിയേറ്റ് യോഗത്തിലെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. നേരത്തെ പികെ ശശിയെ സിഐടിയു നേതൃത്വത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ല കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയാന്‍ പികെ ശശി തയ്യാറായിരുന്നില്ല.

Read more

സിപിഎം ഏര്യ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് തിരിമറി നടത്തിയതും ജില്ല കമ്മിറ്റിയില്‍ ചര്‍ച്ചയായിരുന്നു. നേരത്തെ സാമ്പത്തിക തിരിമറി ഉള്‍പ്പെടെ കണ്ടെത്തിയതിന് പിന്നാലെ പികെ ശശിയെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തിയിരുന്നു.