കൊല്ലം അമ്പഴത്തറ റിസര്‍വ് വനത്തില്‍ അതിക്രമിച്ച് കയറി കാട്ടാനയുടെ വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ വ്‌ളോഗര്‍ അമല അനുവിന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇടക്കാലജാമ്യം ചോദ്യം ചെയ്യലിനോ അന്വേഷണത്തിനോ തടസമല്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആഗസ്റ്റ് ഒന്നിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അറസ്റ്റ് ചെയ്താല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണം. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ജസ്റ്റിസ് വിജു എബ്രഹാമാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി ആഗസ്റ്റ് 16ന് വീണ്ടും പരിഗണിക്കും.
വനത്തില്‍ അതിക്രമിച്ച് കയറി അനു അമല വ്‌ളോഗ് ഷൂട്ട് ചെയ്തിരുന്നു. കാട്ടില്‍ അതിക്രമിച്ച് കയറിയതിന് പുറമേ കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വനം വകുപ്പാണ് കേസ് എടുത്തത്. അതേസമയം വനത്തില്‍ അതിക്രമിച്ച് കയറിയിട്ടില്ല. റോഡരികില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് യൂട്യൂബില്‍ ഇടുകയായിരുന്നെന്നുമാണ് ഹര്‍ജിക്കാരിയുടെ വാദം.
Read more
വനത്തിനുള്ളില്‍ ഏഴ് കിലോമീറ്റര്‍ സഞ്ചരിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മൃഗങ്ങളെ ഓടിക്കുകയും കെണിയിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് കുറ്റമാണെന്നും വനംവകുപ്പ് വിശദീകരിച്ചു. അമല അനു യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ പരിശോധിച്ചാണ് വനം വകുപ്പ് കേസ് എടുത്തത്.