ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന ഹൈകോടതി വിധിക്കെതിരെ സി.പി.ഐ മുഖപത്രം ജനയുഗം. ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ഏകപക്ഷീയവും പണിമുടക്കിന് ആധാരമായ വസ്തുതകളെ ശരിയായ കാഴ്ചപ്പാടില്‍ വിലയിരുത്താന്‍ വിസമ്മതിക്കുന്നതുമാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ഇതുസംബന്ധിച്ചപെറ്റിഷന്‍ പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ച പ്രകാരം ജീവനക്കാരുടെ അഭിപ്രായം ആരായാന്‍ കോടതി മുതിര്‍ന്നില്ല. ‘നീതിപീഠം കണ്ണടച്ച് ഇരുട്ടാക്കുന്നു’ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം.
ഭരണഘടനയുടെ 19-ാം അനുച്ഛേദം അതിന്റെ വിപുലമായ അര്‍ത്ഥത്തില്‍ പണിമുടക്കാനുള്ള ജീവനക്കാരുടെ അവകാശത്തെ അംഗീകരിക്കുന്നുണ്ട്. വിവിധ കേസുകളില്‍ ഹൈക്കോടതികളും സുപ്രീം കോടതി തന്നെയും ആ അവകാശം ശരിവയ്ക്കുന്നു. പണിമുടക്കാനുള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശം ഇന്ത്യ ഒപ്പുവച്ചിട്ടുള്ള വിവിധ അന്താരാഷ്ട്ര ഉടമ്പടികളും അംഗീകരിക്കുന്നുണ്ട്.
മോദി സര്‍ക്കാരിന്റെ ലേബര്‍ കോഡുകളുടെ ഒരു ലക്ഷ്യം പണിമുടക്കുകളും കൂട്ടായ വിലപേശലിനുള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ ഇല്ലാതാക്കി മൂലധനശക്തികള്‍ക്ക് അധ്വാന ചൂഷണത്തിന് അവസരം ഉറപ്പുവരുത്തുക എന്നതാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഭരണകൂടം ഒരുമ്പെട്ടിറങ്ങുമ്പോള്‍ കോടതികള്‍ തന്നെ ബോധപൂര്‍വമോ അല്ലാതെയോ അതിനു കൂട്ടുനില്‍ക്കുന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് ജനയുഗം വ്യക്തമാക്കി.
പണിമുടക്കുകള്‍ കൂട്ടായ വിലപേശലിന്റെ അവസാന മാര്‍ഗമാണ്. ഭരണകൂടം അത് നിരന്തരം അവഗണിക്കുന്നു. നിയമാനുസൃതം നോട്ടീസ് നല്‍കിയും പൊതുജനങ്ങള്‍ക്ക് വേണ്ടത്ര മുന്നറിയിപ്പ് നല്‍കിയും വിപുലമായ പ്രചാരണങ്ങള്‍ നടത്തിയുമാണ് തൊഴിലാളികളും ജീവനക്കാരും പൊതുപണിമുടക്കിലേക്ക് നീങ്ങിയത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു.
Read more
നീതിപീഠങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ വസ്തുതകളെ സമീപിക്കാനും അംഗീകരിക്കാനും സന്നദ്ധമാവണം. അല്ലാതെയുള്ള ഉത്തരവുകള്‍ നീതിനിഷേധമാണ്. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള മുറവിളികള്‍ നീതിപീഠം കേട്ടില്ലെന്ന് നടിക്കരുതെന്ന് മുഖപ്രസംഗത്തില്‍ പറഞ്ഞു.