കേന്ദ്രവിരുദ്ധ പ്രചരണത്തിന് കേരള സര്‍ക്കാര്‍ മാപ്പ് പറയണം; ആശാവര്‍ക്കര്‍മാരുടെ പേരില്‍ തെറ്റിദ്ധാരണയുണ്ടാക്കി; പ്രതിപക്ഷത്തിന് ഇതുവരെ കാര്യം മനസിലായിട്ടില്ലെന്ന് കെ സുരേന്ദ്രന്‍

കേരളത്തിന് കേന്ദ്രം കുടിശ്ശികയൊന്നും നല്‍കാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പാര്‍ലമെന്റില്‍ പറഞ്ഞതോടെ ആശാവര്‍ക്കര്‍മാരുടെ പേരില്‍ നടത്തിയ കേന്ദ്രവിരുദ്ധ പ്രചരണത്തിന് സംസ്ഥാനം മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

സെക്രട്ടറിയേറ്റിന് മുമ്പിലെ ആശാവര്‍ക്കര്‍മാരുടെ സമരം നീതിക്ക് വേണ്ടിയുള്ളതാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഇപ്പോഴും വിഡി സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പറയുന്നതെന്ന് മനസിലാകുന്നില്ല.

യുഡിഎഫ് എംപിമാര്‍ സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ പോയാണ് സമരം ചെയ്യേണ്ടത്. എന്‍എച്ച്എമ്മിന്റെ കേന്ദ്രവിഹിതത്തിന്റെ കണക്ക് പോലും ഇതുവരെ കേരളം നല്‍കിയിട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഗൗരവതരമാണ്. സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് കണക്ക് മറച്ചുവെക്കുന്നത്. കേന്ദ്രഫണ്ടിന്റെ കാര്യത്തില്‍ എല്ലാം കൃത്യമായ കണക്ക് നല്‍കാതെ സംസ്ഥാനം ഒളിച്ചു കളിക്കുകയാണ്. ഇത് അഴിമതിക്ക് വേണ്ടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Read more

ആശാവര്‍ക്കര്‍മാരുടെ വേതനം കൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാവണം. ആശാവര്‍ക്കര്‍മാര്‍ക്കുള്ള കേന്ദ്രവിഹിതം കിട്ടിയിട്ടും സംസ്ഥാന വിഹിതം നല്‍കാതിരിക്കുന്നത് മനുഷ്യത്വവിരുദ്ധമായ സമീപനമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.