കായംകുളം യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിനെതിരായ പരാമർശം പിൻവലിക്കില്ലെന്ന് എ എം ആരിഫ് എംപി. പ്രാരാബ്ധം വോട്ടാക്കാനുള്ള ശ്രമത്തെയാണ് വിമർശിച്ചതെന്നും എം എം ആരിഫ് മീഡിയവണിനോട് പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി പാല്‍ വിറ്റ് ഉപജീവനം നടത്തുന്ന ആളാണ്. അത് ഒരു മാനദണ്ഡമായി സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെടണമെന്ന് യുഡിഎഫ് പ്രചരിപ്പിക്കുന്നത് ശരിയാണോ എന്നാണ് തന്റെ ചോദ്യം എന്ന് എ എം ആരിഫ് പറഞ്ഞു. തൊട്ടടുത്ത ഹരിപ്പാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലോട്ടറി വിറ്റ് ഉപജീവനം നടത്തിയ ആളാണ്, ചായക്കടയില്‍ ചായ അടിച്ചുകൊടുത്ത ആളാണ്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ സഖാവ് സജിലാലിന് വോട്ട് ചെയ്യാന്‍ യുഡിഎഫ് പറയുമോ എന്ന് ആരിഫ് ചോദിച്ചു.
പ്രാരാബ്ധവും ബുദ്ധിമുട്ടും പറഞ്ഞ് വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്ന രീതിയെയാണ് വിമര്‍ശിച്ചത്. അല്ലാതെ തൊഴിലാളികളെയല്ല. ഇല്ലാത്ത വ്യാഖ്യാനം എന്തിനാണ് കൊടുക്കുന്നതെന്നും ആരിഫ് ചോദിച്ചു. കായംകുളം എംഎല്‍എ പ്രതിഭയുടെ പ്രവര്‍ത്തനം വിലയിരുത്തണം. അതില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണം. വിമര്‍ശിക്കണം. അല്ലാതെ പ്രതിഭക്കെതിരെ മത്സരിക്കുന്നത് ഒരു ക്ഷീരകര്‍ഷകയായതു കൊണ്ട് അതാണ് അര്‍ഹതയുടെ മാനദണ്ഡം എന്ന് അവതരിപ്പിക്കുന്നതിനെയാണ് വിമര്‍ശിച്ചതെന്നും ആരിഫ് വിശദീകരിച്ചു.
ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്നും പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ അതു പറയണമെന്നുമുള്ള ആരിഫിന്റെ പരാമർശമാണ് വിവാദമായത്. പരാമർശം അധിക്ഷേപകരമാണെന്ന് ചൂണ്ടിക്കാട്ടി വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കായംകുളത്ത് നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് എ.എം ആരിഫ് അധിക്ഷേപ പ്രസംഗം നടത്തിയത്.
അതേസമയം എ എം ആരിഫിന്റെ പരാമര്‍ശം വേദനിപ്പിച്ചു എന്നും പരിഹാസം തൊഴിലാളികളെ അപമാനിക്കുന്നതാണെന്നും ഒരു ജനപ്രതിനിധിയുടെ നാവില്‍ നിന്ന് ഇത്തരം പരാമര്‍ശമുണ്ടാവുന്നത് വേദനാജനകമാണ് എന്നും അരിത പറഞ്ഞു. ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതാവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമര്‍ശം ഒട്ടും പ്രതീക്ഷിച്ചില്ല. സാധാരണക്കാരായ തൊഴിലാളികളെ ആകെയാണ് അദ്ദേഹം അപമാനിച്ചതെന്നും അരിത പറഞ്ഞു.
ഒരു ജനപ്രതിനിധിയാണ് ബഹുമാനപ്പെട്ട എം.പി. താനുൾപ്പെടെ ഉള്ളവരുടെ ജനപ്രതിനിധിയാണ്. തന്നെ മാത്രമാണ് പറഞ്ഞതെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷേ, ഈ നാട്ടിലെ അദ്ധ്വാനിക്കുന്ന സാധാരണക്കാരെ മൊത്തത്തിലാണ് അദ്ദേഹം ഇങ്ങനെ അപമാനിച്ചത്. രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന പലര്‍ക്കും അതൊരു വരുമാനമാര്‍ഗം കൂടിയായിരിക്കാം. പക്ഷേ രാഷ്ട്രീയം തനിക്ക് സേവനമാണ്. രാഷ്ട്രീയത്തിന് പുറമേ ജീവിക്കാനുള്ള വക അദ്ധാനിച്ചാണ് കണ്ടെത്തുന്നത് എന്നത് തനിക്ക് അഭിമാനമുള്ള കാര്യമാണ്. ഈ പരാമര്‍ശം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നത് തന്നെയാണെന്നും അരിത വ്യക്തമാക്കി.
Read more
യു.ഡി.എഫ് സ്ഥാനാർത്ഥിയായ അരിത ബാബു ക്ഷീരകര്‍ഷകയെന്ന നിലയിൽ പ്രദേശത്ത് പ്രവർത്തിച്ച് വരുന്നയാളാണ്. പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അരിതയുടെ പശുവളർത്തൽ കേന്ദ്രം സന്ദർശിച്ചിരുന്നു.