'സിപിഐഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു കൊലപാതകവും കേരളത്തിലുണ്ടായിട്ടില്ല': പെരിയ വിധിയിൽ പ്രതികരിച്ച് ടി പി രാമകൃഷ്ണൻ

പെരിയ ഇരട്ടക്കൊലപാതകത്തിലെ കോടതി വിധിയിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വിധി അംഗീകരിക്കുന്നുവെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. സിപിഐഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു കൊലപാതകം പോലും കേരളത്തിൽ നടന്നിട്ടില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. പ്രാദേശികമായി നടന്നിട്ടുണ്ടെങ്കിൽ, അത് പരിശോധിക്കുമെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

പെരിയ കേസിൽ നിരപരാധികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചശേഷം തുടർ നിയമ നടപടികൾ സ്വീകരിക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. ടി പി വധവുമായി പെരിയ ഇരട്ടക്കൊലപാതക കേസിനെ താരതമ്യം ചെയ്യേണ്ടതില്ല. പെരിയ ഇരട്ട കൊലപാതകം സംസ്ഥാന വിഷയമല്ല. കാസർകോട്ടെ ഒരു വിഷയമാനിന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

അതേസമയം കേസിൽ കോടതി വിധിക്കെതിരെ ‌‌അപ്പീൽ പോകാനാണ് സിപിഐഎമ്മിന്റെ തീരുമാനമെന്ന് കാസർകോ‍ട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ പറഞ്ഞു. പ്രതിചേർക്കപ്പെട്ട സിപിഐഎം നേതാക്കൾ നിരപരാധികളാണെന്നും കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും എം വി ബാലകൃഷ്ണൻ പറഞ്ഞു.

കേസിൽ 14 പ്രതികൾ തെറ്റുകാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകത്തിൻറെ മുഖ്യ ആസൂത്രകൻ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരനാണെന്ന് കോടതി കണ്ടെത്തി. കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്.

ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്കരൻ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവർ. പ്രതികൾക്ക് ജനുവരി 13 ന് ശിക്ഷ വിധിക്കും.