പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുണ്ട്; പരിഹാരത്തിന് രണ്ടംഗ സമിതിയെ നിയോഗിക്കുമെന്ന് വി ശിവന്‍കുട്ടി

പ്ലസ് വണ്‍ സീറ്റ് വിവാദത്തില്‍ പുതിയ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സീറ്റ് പ്രതിസന്ധി പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. മലപ്പുറം ആര്‍ആര്‍ഡിയും ഹയര്‍ സെക്കന്റ്‌റി ജോയിന്‍ ഡയറക്ടറും ഉള്‍പ്പെട്ടതാണ് സമിതി. സീറ്റ് സംബന്ധിച്ച പ്രതിസന്ധി വിലയിരുത്തിയ ശേഷം സമിതി അധിക ബാച്ച് അനുവദിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കും.

ജൂലൈ 5ന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയ്ക്ക് സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിദ്യാര്‍ത്ഥി സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് നിലവില്‍ സീറ്റ് പ്രതിസന്ധിയുള്ളതെന്ന് ശിവന്‍കുട്ടി അറിയിച്ചു.

പാലക്കാട് 1757 സീറ്റുകളുടെയും മലപ്പുറത്ത് 7478 സീറ്റുകളുടെയും കാസര്‍ഗോഡ് 252 സീറ്റുകളുടെയും കുറവുണ്ട്. മലപ്പുറത്ത് ഏഴ് താലൂക്കില്‍ സയന്‍സ് സീറ്റ് കുടൂതലും കോമേഴ്‌സ്, ഹ്യൂമീനിറ്റീസ് സീറ്റുകള്‍ കുറവുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളെ പരിഹസിച്ചുകൊണ്ട് ശിവന്‍കുട്ടി നിയമസഭയില്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് പറഞ്ഞിരുന്നു.