കൊല്ലം പത്തനാപുരത്ത് രണ്ട് കോടിയോളം വില വരുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ആന്ധ്രയില്‍ നിന്ന് എത്തിയ വിശാഖപട്ടണം സ്വദേശികളായ ശ്രാവണ്‍കുമാര്‍(27), രാമു(24) എന്നിവരാണ് അറസ്റ്റിലായത്. ഒരു കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയട്ടുണ്ട്. പുതുവത്സര ആഘോഷം ലക്ഷ്യം വച്ച് എത്തിച്ചതാണ് ഇതെന്നാണ് അറിയുന്നത്. പത്തനാപുരം കൊല്ലംകടവില്‍ നടത്തിയ വാഹന പരിശോധനയ്ക്ക് ഇടയിലാണ് ലഹരി മരുന്ന് കടത്തിയവരെ കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും പത്തനാപുരം പൊലീസും ചേര്‍ന്ന് പിടിച്ചത്.
അന്ധ്രയില്‍ നിന്ന് ട്രെയില്‍ മാര്‍ഗ്ഗം യുവാക്കള്‍ കായംകുളത്ത് വന്ന് ഇറങ്ങുകയായിരുന്നു. അവിടെ നിന്ന് ഓട്ടോയിലാണ് ഇരുവരും പത്തനാപുരത്ത് എത്തിയത്. തുടര്‍ന്ന് പത്തനാപുരം കല്ലുംകടവ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ഇന്നലെ രണ്ടരയോടെയാണ് ഇവര്‍ പിടിയിലായത്. റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതോടെയാണ് മയക്കുമരുന്ന് സംഘം കുടുങ്ങിയത്.
ബാഗിനുള്ളില്‍ പ്ലാസ്റ്റിക്ക് കവറിലാക്കി തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ഹാഷിഷ് ഓയില്‍ കൊണ്ടുവന്നത്. 965 ഗ്രാം ഓയില്‍ കണ്ടെടുത്തു. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ള മൊത്തക്കച്ചവടക്കാര്‍ക്ക് വലിയ തോതില്‍ ലഹരി ഉല്‍പന്നങ്ങള്‍ എത്തിച്ച് നല്‍കുന്നവരാണ് ഇവരെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നിലവില്‍ ആര്‍ക്ക് വേണ്ടിയാണ് ഇവ കൊണ്ടുവന്നതെന്ന് പ്രതികള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ അടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്. വിശാഖപട്ടണത്തിലെ ലഹരി മാഫിയയിലെ പ്രധാനിയാണ് അറസ്റ്റിലായ രാമു എന്നയാള്‍.
Read more
ഡാന്‍സാഫ് ടീം അംഗങ്ങളായ ഡിവൈഎസ്പി. ആര്‍ അശോക് കുമാര്‍, എസ്‌ഐ ബിജു പി കോശി, പത്തനാപുരം എസ്എച്ച്ഒ എസ് ജയകൃഷ്ണന്‍, എസ്‌ഐമാരായ രവീന്ദ്രന്‍ നായര്‍, മധുസൂദനന്‍ പിള്ള, രാജേഷ് തുടങ്ങിയവരുടെ സംഘമാണ് പ്രതികളെ പിടിച്ചത്. പുതുവത്സരത്തോട് അനുബന്ധിച്ച് വലിയ തോതില്‍ സംസ്ഥാനത്തേക്ക് ലഹരിക്കടത്ത് നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും പല ഇടങ്ങളിലായി മയക്കുമരുന്ന് കടത്തിയവരെ പൊലീസ് പിടികൂടിയിരുന്നു.