'ചാണ്ടി ഉമ്മന്റെ ജയം ലോകം കീഴടക്കിയ സംഭവം പോലെ യുഡിഎഫ് പ്രചരിപ്പിക്കുന്നു'; കേരളത്തില്‍ തിരഞ്ഞെടുപ്പുകളെല്ലാം അവസാനിച്ചെന്ന മട്ടിലാണ് പ്രചരണമെന്ന് മന്ത്രി റിയാസ്

പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയം ലോകം കീഴടക്കിയ സംഭവം പോലെയാണ് യുഡിഎഫ് പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തില്‍ ഇനി ഒരു തിരഞ്ഞെടുപ്പും നടക്കാനില്ല, എല്ലാ തിരഞ്ഞെടുപ്പുകളും ഇതോട് കൂടി അവസാനിച്ചുവെന്ന തരത്തിലാണ് യുഡിഎഫ് പ്രചരണമെന്നും ഇതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും മന്ത്രി പറഞ്ഞു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് 80,144 വോട്ടും സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് 42,425 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലത്തേക്കാള്‍ 11,903 വോട്ടുകള്‍ ജയ്ക്കിന് കുറഞ്ഞു. പുതുപ്പള്ളിയില്‍ ജനവിധി മാനിക്കുന്നു എന്ന് പറഞ്ഞ മുഹമ്മദ് റിയാസ് എന്തെങ്കിലും കാര്യങ്ങള്‍ പരിശോധിക്കാനുണ്ടെങ്കില്‍ അത് വിശകലനം ചെയ്യുമെന്നും വ്യക്തമാക്കി.

Read more

എല്‍ഡിഎഫ് ആകെ ദുര്‍ബലപ്പെട്ടുവെന്നും സര്‍ക്കാര്‍ ആകെ പ്രയാസത്തിലാണെന്നും വരുത്തി തീര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് ബോധപൂര്‍വമായ പ്രചരണമാണ്. ഇത് യുഡിഎഫില്‍ വലിയ നിലയില്‍ അഹങ്കാരം വളരുന്നതിന് കാരണമാകുമെന്നും അധികാരം പങ്കിടുന്ന ചര്‍ച്ചകള്‍ വളരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.