വിഴിഞ്ഞം തുറമുഖ സെമിനാര്‍: മുഖ്യമന്ത്രിയും തരൂരും പങ്കെടുക്കില്ല

വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്‌സ്‌പെര്‍ട്ട് സമ്മിറ്റ് പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. വിഴിഞ്ഞം സീ പോര്‍ട്ട് കമ്പനി മസ്‌ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നായിരുന്നു അറിയിച്ചിരുന്നത്. മുഖ്യമന്ത്രിക്ക് പകരം ധനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും.

ശശി തരൂരും പരിപാടിയില്‍ പങ്കെടുക്കില്ല. ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്നാണ് ശശി തരൂരിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം. സമരം സംഘര്‍ഷമായ പശ്ചാത്തലത്തിലാണ് കേരള വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന പ്രചാരണം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ രാവിലെ പത്ത് മണിക്കാണ് പരിപാടി.

അതിനിടെ വിഴിഞ്ഞത്തെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായി ഡിഐജി ആര്‍.നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ ഡിഐജിക്ക് കീഴില്‍ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ്.പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം.

ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവര്‍ നടത്തും. ഡിസിപി അജിത്കുമാര്‍, കെ.ഇ. ബൈജു, മധുസൂദനന്‍ എന്നിവര്‍ സംഘത്തിലുണ്ട്.

Read more

വിഴിഞ്ഞത്ത്  വരും ദിവസങ്ങളിലും പ്രതിഷേധങ്ങളും ആക്രമണങ്ങളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് രഹസ്യ അന്വേഷണ വിഭാഗം നല്‍കിയിട്ടുളള റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടുതല്‍ പൊലീസിനെ പ്രദേശത്ത് വിന്യസിക്കണമെന്നും നിര്‍ദേശമുണ്ട്.