വയനാട് ദുരന്തം: 'അമിത് ഷാ തെറ്റിദ്ധരിപ്പിക്കുന്നു, ഒരു രൂപപോലും കേന്ദ്രം നല്‍കിയിട്ടില്ല'; ആഞ്ഞടിച്ച് മുഖ്യമന്ത്രി

വയനാട് ദുരന്ത സഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തം വിവാദമാക്കി മാറ്റാന്‍ കേന്ദ്രം ശ്രമം നടത്തുകയാണെന്നും കേരളം കണക്ക് നല്‍കാത്തത് കൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തത് എന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റിനെയും ജനങ്ങളെയും ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ്. ഇല്ലാത്ത കാലാവസ്ഥാറിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ പരാമര്‍ശിച്ചു. ഓഗസ്റ്റ് 17ന് 1202 കോടിയുടെ പ്രാഥമിക സഹായം കേരളം ചോദിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയിട്ടില്ല, എല്ലാം യഥാരീതിയില്‍ സമര്‍പ്പിച്ചു. പ്രധാനമന്ത്രി വന്നുപോയിട്ട് 100 ദിവസമായി. നിവേദനം നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

583 പേജുള്ള സമഗ്രമായ റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. PDNA തയ്യാറാക്കാന്‍ ചുരുങ്ങിയത് മൂന്ന് മാസം വേണം. ദുരിതാശ്വാസം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇത് സമര്‍പ്പിക്കുന്നത്. ആന്ധ്രയ്ക്ക് 3448 കോടിയും ബീഹാറിന് 11500 കോടിയും കേന്ദ്രം നല്‍കി. കേന്ദ്രം കേരളത്തിന് ഒരു രൂപ പോലും നല്‍കിയിട്ടില്ല.

തീവ്ര സ്വാഭാവമുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. അങ്ങനെ പ്രഖ്യാപിച്ചാല്‍ എംപിമാര്‍ക്ക് ഒരു കോടി വീതം ചെലവഴിക്കാന്‍ സാധിക്കും. എസ്ഡിആര്‍എഫില്‍ ഫണ്ട് ഉണ്ട് എന്ന വാദം ശരിയല്ല. സാധാരണ നിലയ്ക്ക് കിട്ടുന്ന ഫണ്ട് മാത്രമാണ് ഉള്ളത്. വയനാടിന് പ്രത്യേകം ഫണ്ട് കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.