വനിതാ കമ്മീഷന്‍ മാധ്യമ പുരസ്‌കാരം ഫൗസിയ മുസ്തഫയ്ക്ക്; 'മനസ് തകര്‍ന്നവര്‍ മക്കളെ കൊന്നവര്‍' മികച്ച ഫീച്ചര്‍

കേരള വനിതാ കമ്മീഷന്റെ മികച്ച ഫീച്ചറിനുള്ള മാധ്യമ പുരസ്‌കാരം ന്യൂസ് മലയാളം ന്യൂസ് എഡിറ്റര്‍ ഫൗസിയ മുസ്തഫക്ക്. മനസ് തകര്‍ന്നവര്‍ മക്കളെ കൊന്നവര്‍ എന്ന അന്വേഷണ പരമ്പരയ്ക്കാണ് മികച്ച ഫീച്ചറിനുള്ള അവാര്‍ഡ് ലഭിച്ചത്. 2024 ഡിസംബര്‍ 9 മുതല്‍ 23 വരെ സംരക്ഷണം ചെയ്ത പരമ്പര മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്ന താരതമ്യേന ശ്രദ്ധിക്കപ്പെടാത്ത വിഷയത്തില്‍ മികച്ച ഗവേഷണവും പ്രശ്‌ന പഠനങ്ങളും ചെയ്തു നടത്തിയ അന്വേഷണത്തിനാണ് അവാര്‍ഡ്.

ദൃശ്യമാധ്യമങ്ങളുടെ പരിമിതികളെ മറികടന്നുള്ള റിപ്പോര്‍ട്ടിംഗ് ആയിരുന്നുവെന്ന് അവാർഡ് കമ്മിറ്റി പ്രത്യേകം പരാമര്‍ശിച്ചു. 20,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മാര്‍ച്ച് ഒന്നിന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര വനിതാദിനാചരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരം വിതരണം ചെയ്യും.

ഗര്‍ഭാനന്തരവും പ്രസവാനന്തരവും ഉണ്ടാകുന്ന വിഷാദരോഗം മൂര്‍ച്ഛിച്ചുണ്ടാകുന്ന പെരിനാറ്റല്‍ സൈക്കോസിസ് എന്ന ഗുരുതര രോഗത്തിന്റെ ഭാഗമായാണ് ഭൂരിഭാഗം കേസുകളിലും അമ്മമാര്‍ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്നത്. അത്തരം വാര്‍ത്തകളെ അടിമുടി വിശ്വസിച്ച് നമ്മുടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പൊലീസും നല്‍കുന്ന പതിവ് വിവരങ്ങള്‍ പൊതുസമൂഹത്തിന് കൈമാറുന്ന മാധ്യമങ്ങളിലെ പതിവ് വാര്‍ത്തകളെ അടപടലം അട്ടിമറിക്കുന്ന വിവരങ്ങളും ദൃശ്യങ്ങളുമായിരുന്നു ന്യൂസ് മലയാളം പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നു കാട്ടിയത്.

ഗര്‍ഭാനന്തര, പ്രസവാനന്തര സൈക്കോസിസ് എന്നീ രണ്ട് വിഭാഗം ഉണ്ട്. അതില്‍ ബ്ലൂസ്, ഡിപ്രെഷന്‍, സൈക്കോസിസ് എന്നീ മൂന്ന് അവസ്ഥാന്തരങ്ങള്‍. ശാരീരിക, വൈകാരിക, പാരമ്പര്യ, സാമ്പത്തിക, സാമൂഹിക, കുടുംബജീവിത മാറ്റങ്ങള്‍, ഗാര്‍ഹികപീഡനം, ദാമ്പത്യകലഹം, അമ്മയുടെ പ്രായം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സ്ത്രീമനസ്സുകളിലും ശരീരങ്ങളിലും ഉണ്ടാക്കാവുന്ന ആഘാതങ്ങള്‍ വിഷാദത്തിലേക്കും തുടര്‍ന്ന് ഉന്‍മാദത്തിലേക്കും കൊണ്ടെത്തിക്കുന്നതാണ് കാരണം. നേരത്തേ കണ്ടെത്തി ചികിത്സിച്ചാല്‍ ഉറപ്പായും മാറുന്ന അസുഖമാണിത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു ദിവസം ചികിത്സയ്‌ക്കെത്തുന്ന ശരാശരി 100 ഗര്‍ഭിണികളില്‍ നടത്തുന്ന സ്‌ക്രീനിങ്ങില്‍ 30 പേര്‍ക്കും വിഷാദരോഗ ലക്ഷണങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. ഇതില്‍ ഒന്നോ രണ്ടോ പേര്‍ക്ക് ഗുരുതര മാനസികപ്രശ്‌നങ്ങള്‍ കണ്ടെത്താറുണ്ട് എന്ന് ഡോക്ടര്‍മാര്‍ അടിവരയിടുന്നു. വികസിത രാജ്യങ്ങളില്‍ പെരിനാറ്റല്‍ സൈക്കോസിസ് കേസുകളില്‍ അകപ്പെടുന്ന സ്ത്രീകള്‍ക്ക് അറസ്റ്റ്, റിമാന്റ്, വിചാരണ, ജയില്‍ എന്നതിന് പകരം മെച്ചപ്പെട്ട ചികിത്സയും നിയമപരിരക്ഷയും ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്തു ഇത്തരം മാനസികരോഗത്തിനടിപ്പെട്ട് കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരെ കൊലപാതകക്കുറ്റം ചുമത്തി വിചാരണ ചെയ്തു തുറുങ്കിലടക്കുന്നു. പതിറ്റാണ്ടുകളായി തുടരുന്ന ഈ അനീതികളിലേക്കാണ് ന്യൂസ്മലയാളം 24×7 ന്റെ ക്യാമറ തുറന്നുവെച്ചത്.

Read more