കോട്ടയം പാറപ്പാടം താഴത്തങ്ങാടിയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ യുവാവ് പിടിയില്‍. കുമരകം സ്വദേശിയാണ് പൊലീസിന്‍റെ പിടിയിലായത്. മോഷ്ടിച്ച കാറുമായി പെട്രോള്‍ പമ്പിലെത്തിയ ദൃശ്യങ്ങളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും എന്നാണ് സൂചന.
പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്നും കൊലപാതകത്തിന് ശേഷം പ്രതി ചില രേഖകള്‍ കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ ദമ്പതികള്‍ക്ക് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊടുക്കല്‍വാങ്ങലുകളിലെ തര്‍ക്കമാകാം കൊലയ്ക്ക് പിന്നില്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. പെട്ടെന്നുളള പ്രകോപനത്തില്‍ തടി കൊണ്ടുളള ടീപോയ് ഉപയോഗിച്ച് ഷീബയുടെയും ഭര്‍ത്താവിന്റെയും തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് അടുക്കളവാതില്‍ വഴി പുറത്തു കടന്ന പ്രതി വീട്ടില്‍ കിടന്നിരുന്ന കാറുമായി കടന്നു കളയുകയായിരുന്നു. ദമ്പതികളുടെ വീട്ടില്‍ നിന്ന് പണവും രേഖകളും സ്വര്‍ണവും നഷ്ടപ്പെട്ടിട്ടുണ്ട്. അക്രമിക്ക് കൊലപ്പെടുത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയുമായി ബന്ധമുളള ഏഴുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ ചിലരെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.
Read more
കൊലപാതകം നടത്തിയ ശേഷം മോഷ്ടിച്ച കാറുമായിട്ടാണ് പ്രതികള്‍ കടന്നത്. ഒന്നിലധികം പേര്‍ കൃത്യത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. മോഷണം പോയ കാര്‍ വൈക്കം വരെ എത്തിയതിന് തെളിവുണ്ട്. അതേസമയം, ഷീബ- സാലി ദമ്പതികളുടെ ദുബായിലുള്ള മകള്‍ ഷാനിയുടെ മൊഴി പൊലീസ് ഫോണിലൂടെ വിശദമായി രേഖപ്പെടുത്തി. നിലവില്‍ കോട്ടയം എസ്പി ജയദേവിന്‍റെ നേതൃത്വത്തില്‍ ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.