അ‍ഞ്ച് വർഷത്തിനിടെ പ്രസവത്തിനിടെ മരിച്ചത് 3364 അമ്മമാർ! കണക്ക് പുറത്ത് വിട്ട് കർണാടക സർക്കാർ

അ‍ഞ്ച് വർഷത്തിനിടെ കർ‌ണാടകയിൽ പ്രസവത്തിനിടെ മരിച്ചത് 3364 അമ്മമാരെന്ന് സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസാണ് കണക്ക് പുറത്തുവിട്ടത്. 2019 മുതലുള്ള കണക്കുകളിൽ ബിജെപി അധികാരത്തിലിരിക്കെയാണ് മരണങ്ങളിലേറെയും നടന്നതെന്ന് വ്യക്തമാകുന്നു. കോവിഡ് കാലത്തായിരുന്നു ഈ മരണങ്ങളിലേറെയും നടന്നത്.

2019-20ൽ 662 അമ്മമാരാണ് പ്രസവത്തിനിടെ മരിച്ചത്. 2020-21ൽ 714, 2021-22ൽ 595, 2022-23ൽ 527, 2023-24ൽ 518 എന്നിങ്ങനെയാണ് പ്രസവത്തിനിടെ മരിച്ച അമ്മമാരുടെ എണ്ണം. ഈ വർഷം ഇതുവരെ 348 അമ്മമാരാണ് പ്രസവത്തിനിടെ മരിച്ചത്. അഞ്ച് വർഷത്തിനിടെ പ്രസവത്തെ തുടർന്ന് മരിച്ച അമ്മമാരുടെ എണ്ണം 3364 ആണെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ബെല്ലാരി ​ഗവൺമെൻ്റ് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ നിലവാരമില്ലാത്ത മരുന്ന് കുത്തിവെച്ചതിനെ തുടർന്ന് അഞ്ച് അമ്മമാർ മരിച്ചത് വിവാദമായിരുന്നു. ഈ വിഷയത്തിൽ കോൺ​ഗ്രസ് സർക്കാരിനെതിരെ ബിജെപി അതിരൂക്ഷ വിമർശനം അഴിച്ചുവിട്ട പശ്ചാത്തലത്തിലാണ് ക‍ർണാടക സ‍ർക്കാർ കഴിഞ്ഞ അഞ്ച് വ‍ർഷത്തിനിടെ പ്രസവത്തിനിടെ മരിച്ച അമ്മമാരുടെ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.

അതേസമയം, നിലവിലെ ആരോഗ്യമേഖലയിലെ സാഹചര്യങ്ങൾ മെച്ചപ്പെടാൻ താൻ രാജിവെക്കണമെങ്കിൽ അതിന് തയ്യാറാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവും പറഞ്ഞിരുന്നു. ബെല്ലാരി ആശുപത്രിയിൽ സിസേറിയന് വിധേയരായ അഞ്ച് അമ്മമാരാണ് മരിച്ചത്. കഴിഞ്ഞ മാസം നാല് പേരാണ് ഇത്തരത്തിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരിച്ചത്. റോജമ്മ, നന്ദിനി, മുസ്‌കാൻ, മഹാലക്ഷ്മി, ലളിതാമ്മ തുടങ്ങിയവരാണ് മരിച്ചത്. ഇവരുടെ കുട്ടികൾ സുരക്ഷിതരാണ്.