ഫെബ്രുവരി 5 ന് നടക്കാനിരിക്കുന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ത്രികോണമല്‍സരത്തിന് കളമൊരുങ്ങി കഴിഞ്ഞെങ്കിലും ആംആദ്മി പാര്‍ട്ടിയും കേന്ദ്രം ഭരിക്കുന്ന ബിജെപിയും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ ശക്തമാവുകയാണ്. എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയിലുടനീളം പ്രചാരണത്തിലാണ്. ഒപ്പം സ്വന്തം മണ്ഡലമായ ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തിലും കെജ്രിവാള്‍ ശക്തമായ പ്രചാരണത്തിലാണ്. നഗരത്തിലുടനീളം പ്രചാരണം നടത്തുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ കെജ്രിവാളിന്റെ വാഹനത്തിന് നേര്‍ക്ക് കല്ലെറിഞ്ഞതായി ആംആദ്മി പാര്‍ട്ടി ആരോപിക്കുന്നു. കെജ്രിവാളിന്റെ വാഹനത്തില്‍ കല്ല് പതിക്കുന്നതടക്കം ദൃശ്യങ്ങളുമായി ബിജെപിയുടെ അക്രമരാഷ്ട്രീയത്തെ വിമര്‍ശിച്ചു കൊണ്ട് മറ്റൊരു ശക്തമായ പ്രചാരണത്തിനാണ് ഇതോടെ ആംആദ്മി ഒരുങ്ങുന്നത്.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഇഡിയേയും സിബിഐയേയും ഉപയോഗിച്ച് തങ്ങളുടെ നേതാക്കളെ ജയിലിലടയ്ക്കുന്നതിന് അപ്പുറത്തേക്ക് ആക്രമണത്തിനും ഒരുമ്പെടുകയാണെന്നാണ് ആപ്പിന്റെ ഭാഷ്യം. 2013 മുതല്‍ ഡല്‍ഹി ഭരിക്കുന്ന എഎപിയ്‌ക്കെതിരേയും അതിന്റെ നേതാക്കള്‍ക്കെതിരേയും ശത്രുത മനോഭാവത്തോടെ പെരുമാറുന്ന ബിജെപി പാര്‍ട്ടി കണ്‍വീനര്‍ക്ക് എതിരെ തിരഞ്ഞെടുപ്പ് സമയത്ത് ആക്രമണം നടത്തിയെന്നാണ് ആപ് ആരോപിക്കുന്നത്.
‘തോല്‍വി ഭയന്ന്, ബിജെപി പരിഭ്രാന്തരായി, അരവിന്ദ് കെജ്രിവാളിനെ ആക്രമിക്കാന്‍ ഗുണ്ടകളെ ഇറക്കി. ബിജെപി സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മയുടെ ഗുണ്ടകള്‍ അരവിന്ദ് കെജ്രിവാളിനെ ലക്ഷ്യമിട്ട് കല്ലേറ് നടത്തി. കേള്‍ക്കൂ ബി.ജെ.പി, അരവിന്ദ് കെജ്രിരിവാള്‍ നിങ്ങളുടെ ഭീരുത്വം മൂലമുള്ള ആക്രമണം കാരണം പിന്നോട്ട് പോകില്ല. ഡല്‍ഹിയിലെ ജനങ്ങള്‍ നിങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കും.
എന്നാല്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ കാര്‍ ബിജെപി പ്രവര്‍ത്തകനെ ഇടിച്ചെന്ന് പ്രത്യാരോപണവുമായി ബിജെപിയും രംഗത്തെത്തു. ന്യൂഡല്‍ഹി നിയോജക മണ്ഡലത്തില്‍ കെജ്രിവാളിനെതിരെ മത്സരിക്കുന്ന ബിജെപിയുടെ പര്‍വേഷ് വര്‍മയാണ് മുന്‍മുഖ്യമന്ത്രിയുടെ വാഹനം ബിജെപി പ്രവര്‍ത്തകനെ ഇടിച്ചുവെന്ന് ആരോപിച്ചത്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മ്മയുടെ മകനാണ് ബിജെപിയുടെ പര്‍വേഷ് വര്‍മ്മ. കെജ്രിവാളിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായ വര്‍മ്മ തന്റെ അനുയായികളെ ഉപയോഗിച്ച് കെജ്രിവാളിനെ പ്രചാരണത്തില്‍ നിന്ന് തടയാന്‍ ശ്രമിച്ചുവെന്നാണ് ആം ആദ്മി പാര്‍ട്ടി പറയുന്നത്. അരവിന്ദ് കെജ്രിവാളിന്റെ പ്രവര്‍ത്തനത്തിനെതിരെ പോരാടാന്‍ നിങ്ങള്‍ക്ക് ധൈര്യമില്ലാത്തതിനാല്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ നിങ്ങളുടെ ഗുണ്ടകളെ ഇറക്കിയെന്നും ബിജെപിയുടേതിനേക്കാള്‍ വിലകുറഞ്ഞതും തരംതാഴ്ന്നതുമായ രാഷ്ട്രീയം വേറെയുണ്ടാകില്ലെന്നും ആപ് നേതാവ് മനീഷ് സിസോദിയയും പ്രതികരിച്ചു.