കൊറോണ: ചൈന, കൊറിയ, ഇറ്റലി, ഇറാൻ, ജപ്പാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഡൽഹിയിലും തെലങ്കാനയിലും രണ്ട് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ചൈന, ദക്ഷിണകൊറിയ, ഇറ്റലി, ഇറാൻ, ജപ്പാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് രാജ്യത്തുള്ളവരോട് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ്‌വർദ്ധൻ സിംഗ് ആവശ്യപ്പെട്ടു. രാജ്യത്ത് പരിശോധനകൾ കർശനമാക്കി. രാജ്യത്തെ 21 വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിക്കുന്നുണ്ട്. 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ് കർശനമായ പരിശോധനയ്ക്കു വിധേയമാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

കൊറോണ ബാധ സംശയിക്കുന്ന 23 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവയുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. ഡൽഹിയിൽ കൊറോണ ബാധിച്ച ആൾ ഇറ്റലിയിൽ നിന്ന് യാത്ര ചെയ്ത് വന്നതാണ്. ദുബായിൽ നിന്നെത്തിയ ആൾക്കാണ് തെലങ്കാനയിൽ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ച മൂന്ന് പേരെയും രക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യയിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിൽ കൊവിഡ് 19 ബാധിച്ച് ആരും ചികിത്സയിലില്ല. ചൈനയ്ക്ക് പുറത്ത് വിദേശരാജ്യങ്ങളിലേക്ക് കൊവിഡ് രോഗബാധ പടരുകയാണ്. തായ്‍ലാൻഡ്, അമേരിക്ക എന്നിങ്ങനെ നിരവധി വിദേശരാജ്യങ്ങളിൽ ഞായറാഴ്ച കൊവിഡ് 19 ബാധിച്ചുള്ള ആദ്യമരണം റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ നിലവിൽ സംസ്ഥാനം കൊവിഡ് 19 വിമുക്തമായി എന്ന് പറയാനാകില്ലെന്നാണ് കെ കെ ശൈലജ വ്യക്തമാക്കുന്നത്.