ഭക്ഷണത്തിന് 40 പൈസ കൂടുതല്‍ വാങ്ങിയെന്ന് പരാതി; കോടതിയുടെ സമയം കളഞ്ഞതിന് ഹര്‍ജിക്കാരന് 4000 രൂപ പിഴ

ബംഗളൂരുവില്‍ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം വാങ്ങിയപ്പോള്‍ 40 പൈസ കൂടുതല്‍ വാങ്ങിയെന്നാരോപിച്ച് പരാതി നല്‍കിയ ഹര്‍ജിക്കാരന് 4000 രൂപ പിഴ. ഉപഭോക്തൃ കോടതിയാണ് പിഴ ചുമത്തിയത്. ബംഗളൂരു സ്വദേശിയായ മൂര്‍ത്തിയാണ് ഹര്‍ജി നല്‍കിയത്.

കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. പ്രശസ്തിക്ക് വേണ്ടി ഹര്‍ജിക്കാരന്‍ അനാവശ്യമായി നല്‍കിയ പരാതിയാണിതെന്ന് കോടതി പറഞ്ഞു. ഹര്‍ജിക്കാരന്‍ 30 ദിവസത്തിനകം 2,000 രൂപ റെസ്റ്റോറന്റിനും 2,000 രൂപ കോടതി ചെലവുകള്‍ക്കായും നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

2021 മെയ് 21നാണ് പരാതിക്ക് ആസ്പദമായ സംഭവം. സെന്‍ട്രല്‍ സ്ട്രീറ്റിലെ റെസ്റ്റോറന്റില്‍ നിന്നും പാഴ്‌സലായി ഭക്ഷണം വാങ്ങിയപ്പോള്‍ 265 രൂപയുടെ ബില്ലാണ് ജീവനക്കാരന്‍ നല്‍കിയത്. യഥാര്‍ത്ഥത്തില്‍ 264.60 രൂപയാണ് ഭക്ഷണത്തിന് നല്‍കേണ്ടത്. എന്നാല്‍ 40 പൈസ ജീവനക്കാരന്‍ കൂടതല്‍ ഈടാക്കി. ഇതേ കുറിച്ച് ചോദ്യം ചെയ്തിട്ടും കൃത്യമാ.യ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മൂര്‍ത്ത് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

40 രൂപ കൂടുതല്‍ വാങ്ങിയത് മാനസികാഘാതമുണ്ടാക്കി. ഒരു രൂപ നഷ്ടപരിഹാരമായി വേണം എന്നുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിയമപ്രകാരം 50 പൈസക്ക് മുകളിലുളള തുക റൗണ്ട് ഓഫ് ചെയ്ത് ഒരു രൂപയാക്കാമെന്ന് റെസ്റ്റോറന്റിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ബില്ലില്‍ 60 പൈസ ആയതിനാലാണ് ഒരു രൂപയാക്കിയത് എന്നും അഭിഭാഷകന്‍ പറഞ്ഞു.