ബിഹാറിന് ബമ്പർ, ആന്ധ്രയ്ക്ക് വണ്ടർ! ബജറ്റിൽ വില കുറയുന്നവയും കൂടുന്നവയും; വിശദമായി അറിയാം

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പൂർത്തിയായി. തൊഴിൽ, മധ്യവർഗം, ചെറുകിട ഇടത്തരം മേഖലകൾക്കാണ് ബജറ്റിൽ പ്രാധാന്യമെന്ന് പറഞ്ഞാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങിയത്. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ സുശക്തമെന്ന് പറഞ്ഞ മന്ത്രി പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും പറഞ്ഞു.

സഖ്യക്ഷികൾ ഭരിക്കുന്ന ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരിയാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. പ്രളയവും പദ്ധതിയിൽ പോലും കേരളത്തെ ഉൾപ്പെടുത്തിയില്ല. 15000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ചന്ദ്രബാബു നായിഡുവിന് മോദി സര്‍ക്കാരിന്‍റെ സമ്മാനം. ആന്ധ്രയുടെ ജീവനാഡിയെന്ന് കരുതുന്ന പോളാവാരം ജലസേചന പദ്ധതി സമ്പൂര്‍ണ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനനമന്ത്രി പറഞ്ഞു.

ബിഹാറിന് വിമാനത്താവളവും റോഡുകളും എക്സ്പ്രസ് വേയും അനുവദിച്ചു. ബിഹാറിലെ ഹൈവേ വികസനത്തിന് 26000 കോടി. ആന്ധ്രക്ക് പ്രത്യേക ധന പാക്കേജ് പ്രഖ്യാപിച്ചു. ഹൈദരാബാദ്- ബെംഗളൂരു ഇൻഡസ്ട്രിയിൽ കോറിഡോർ പ്രഖ്യാപിച്ചു. ആന്ധ്രയ്ക്ക് 15000 കോടിയുടെ പാക്കേജ്. ബിഹാറിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കും. ബിഹാ‍ർ, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങൾക്ക് പ്രളയ ദുരിതം നേരിടാൻ ഫണ്ട് അനുവദിച്ചു. ബിഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ചു. ബിഹാറിൽ രണ്ട് ക്ഷേത്ര ഇടനാഴികൾക്ക് സഹായം, കാശി ക്ഷേത്രം പോലെ ഗയ, ബോധ്ഗയ ക്ഷേത്രങ്ങൾ നവീകരിക്കും. ബിഹാറില്‍ പുതിയ 2400 മെഗാവാട്ട് ഊര്‍ജനിലയം സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പവര്‍ പ്രോജക്ടുകള്‍ക്ക് 21,400 കോടി രൂപ അനുവദിച്ചു.

നികുതി

നികുതി വിഭാഗത്തിലേക്ക് വന്നാൽ മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. പെന്‍ഷന്‍കാര്‍ക്കുള്ള കുടുംബ പെന്‍ഷന്റെ നികുതിയിളവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തി, കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചു, വിദേശ കമ്പനികള്‍ക്ക് നേട്ടം, പുതിയ സ്‌കീമില്‍ ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു, സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000 രൂപയില്‍നിന്ന് 75,000 രൂപയാക്കി, സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെ ദീര്‍ഘകാല നേട്ടങ്ങള്‍ക്കുള്ള നികുതി 12.5 ശതമാനമായി ഉയര്‍ത്തി, എല്ലാ വിഭാഗം നിക്ഷേപകര്‍ക്കുമുള്ള ഏഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കും, ജിഎസ്ടി നികുതി ഘടന കൂടുതല്‍ ലളിതമാക്കാന്‍ ശ്രമിക്കുമെന്നും ബജറ്റിൽ പറയുന്നു.

കാർഷിക മേഖല

അടുത്ത രണ്ടുവര്‍ഷത്തില്‍ ഒരുകോടി കര്‍ഷകരെ ജൈവകൃഷിയിലേക്ക് ആകര്‍ഷിക്കും. 1.52 ലക്ഷം കോടി കാർഷിക മേഖലയ്ക്ക് അനുവദിച്ചു. കാർഷിക രംഗത്തെ ഗവേഷണത്തിന് പ്രത്യേക പദ്ധതി, ജന്‍ സമര്‍ഥ് അടിസ്ഥാനമാക്കിയുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍ അവതരിപ്പിക്കും. മൂന്നു വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വെ നടത്തും.

വിദ്യാഭ്യസം

വിദ്യാഭ്യാസ- തൊഴില്‍- നൈപുണ്യ മേഖലയ്ക്കുവേണ്ടി 1.48 ലക്ഷം കോടി വകയിരുത്തി. തൊഴിൽ ഉറപ്പാക്കാനും നൈപുണ്യ വികസനത്തിനും അഞ്ച് പദ്ധതികൾ ആവിഷ്കരിക്കും. വിദ്യാഭ്യസ. നാല് കോടി യുവാക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യസ വായ്പ സഹായം. ഐഐടികള്‍ നവീകരിക്കും.

തൊഴിൽ

തൊഴിലുമായി ബന്ധപ്പെട്ട മൂന്ന് പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിക്കും. 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒരു കോടി വിദ്യാർഥികൾക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരം ഒരുക്കും. ഇന്‍റേണ്‍ഷിപ്പ് തുകയായി 5000 രൂപ ലഭ്യമാക്കും. ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ പ്രഖ്യാപിച്ചു.

അടിസ്ഥാന സൗകര്യം

100 നഗരങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍, ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തി. 30 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രത്യേക പദ്ധതി. 14 നഗരങ്ങൾക്കാണ് ഇത് ഗുണകരമാകുക. ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ. 5 ലക്ഷം ആദിവാസികൾക്ക് പ്രയോജനം.

വനിതാ ശാക്തീകരണം

തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ വര്‍ക്കിങ് വിമന്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കും. വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം.

പാർപ്പിടം

നഗരങ്ങളിൽ 1 കോടി ഭവനങ്ങൾ നിര്‍മ്മിക്കും. നഗരങ്ങളിലെ പാവങ്ങളുടെ ഭവനപദ്ധതിക്കായി 10 ലക്ഷം കോടി അനുവദിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നഗര ഭവന നിര്‍മ്മാണത്തിന് 2.2 ലക്ഷം കോടി രൂപയുടെ കേന്ദ്ര സഹായം. മൂന്ന് കോടി വീടുകൾ നിർമ്മിക്കും, പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുക. വ്യാവസായിക മേഖലയിലെ തൊഴിലാളികള്‍ക്ക് ഡോര്‍മിറ്ററി തരത്തിലുള്ള താമസ സൗകര്യം വാടകയ്ക്ക് നടപ്പിലാക്കും.

സ്റ്റാർട്ടപ്പ്

മുദ്രാ ലോൺ പരിധി പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി. സ്റ്റാർട്ടപ്പുകൾക്ക് വൻ നേട്ടം. സ്റ്റാർട്ടപ്പുകൾക്ക് ഏഞ്ചൽ ടാക്സ് എല്ലാ വിഭാ​ഗത്തിലും ഒഴിവാക്കി.

ബാങ്ക്

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ 100 ശാഖകള്‍ സ്ഥാപിക്കും.

കൂടാതെ എണ്ണക്കുരുക്കളുടെ ഉത്പാദനം കൂട്ടാൻ പദ്ധതി, കൂടുതൽ തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ യാഥാർത്ഥ്യമാക്കും. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കും. ചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായം,വഴിയോര ചന്തകള്‍ക്കും ഫുഡ് ഹബുകള്‍ക്കും സഹായം. അടിസ്ഥന മേഖലയില്‍ 11 കോടിയുടെ നിക്ഷേപം. ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം. വിദേശ ക്രൂയിസ് കമ്പനികൾക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകൾ പ്രവർത്തിപ്പിക്കാൻ നികുതിയിളവ്. ഇതുവഴി തൊഴിൽ ലഭിക്കും.

ഇനി ഒറ്റനോട്ടത്തിൽ

  • വില കുറയുന്നത്

ക്യാൻസറിനുള്ള മൂന്ന് മരുന്നുകൾക്ക്
സ്വർണം, വെള്ളി
ലതർ, തുണി
മൊബൈൽ ഫോണിനും ചാർജറിനും
ചെമ്മീൻ, മീൻ തീറ്റ
അമോണിയം നൈട്രേറ്റിനുള്ള വില കുറച്ചു.

  • വില കൂടുന്നത്

പിവിസി, ഫ്ളക്സ് ബാനറുകൾക്ക്
പ്ലാസ്റ്റിക്ക്

Read more