റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യം സംബന്ധിച്ച വാദം കേൾക്കുന്നതിനിടെ നിലവിൽ ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പനെതിരായ കേസ് കോടതിയിൽ പരാമർശിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. മഹാരാഷ്ട്ര സർക്കാരിനും മുംബൈ പൊലീസിനും വേണ്ടിയാണ് കപിൽ സിബൽ ഹാജരായത്.
ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകർക്ക് നൽകുന്ന പരിഗണനയിലെ അസമത്വം ചൂണ്ടിക്കാട്ടാനാണ് ബുധനാഴ്ച കപിൽ സിബൽ ഡൽഹി ആസ്ഥാനമായുള്ള മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കേസ് പരാമർശിച്ചത്. വ്യക്തിസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കണമെന്ന് നിരീക്ഷിച്ചു കൊണ്ടാണ് സുപ്രീംകോടതി അർണബിന് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാൽ, ജാമ്യം അനുവദിക്കുന്നതിനെതിരെ വാദിച്ച സിബൽ മലയാളി മാധ്യമ പ്രവർത്തകൻ നേരിടുന്ന അനീതി എടുത്തുപറഞ്ഞു.
ഹത്രാസ് കൂട്ടബലാത്സംഗ-കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമ പ്രവർത്തകനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ആർട്ടിക്കിൾ 32ന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ കീഴ്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ഹർജി നാല് ആഴ്ച്ചത്തേക്ക് നീട്ടിവെയ്ക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളും ഈ രാജ്യത്ത് സംഭവിക്കുന്നുണ്ട് എന്ന് കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
Read more
സിദ്ദീഖ് ഇതുവരെ ജാമ്യാപേക്ഷ നൽകിയിട്ടില്ല. അദ്ദേഹം ജുഡിഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. പൊലീസ് കസ്റ്റഡിയിൽ വേണമെന്ന് ഉത്തർപ്രദേശിലെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് നൽകിയ അപേക്ഷ മഥുരയിലെ ഒരു കോടതി അടുത്തിടെ നീട്ടിവെച്ചു.