പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ; മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്ത് നിന്ന് നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മഹാരാഷ്ട്രയിൽ ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്ത് നിന്ന് മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നത് അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് ഡിജിപിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.

പുണെ കമ്മീഷണറായിരുന്നപ്പോൾ രശ്മി ശുക്ല ഫോൺ ചോർത്തിയതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ജാർഖണ്ഡ് ഡിജിപിയെ മാറ്റിയെങ്കിലും മഹാരാഷ്ട്ര ഡിജിപിയെ മാറ്റാത്ത കാര്യവും കമ്മീഷന് നൽകിയ കത്തിൽ സൂചിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസുകൾ കെട്ടിച്ചമയ്ക്കാൻ ഡിജിപി നിർദേശം നൽകിയതായും ആരോപണം ഉയർന്നിരുന്നു.

മറ്റൊരു മുതിർന്ന ഐപിഎസ് ഓഫീസർക്ക് ഡിജിപിയുടെ ചുമതല നൽകാൻ ചീഫ് സെക്രട്ടറിയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. ഡിജിപി നിയമനത്തിന് മൂന്നംഗ പാനൽ സമർപ്പിക്കാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.