ഇന്ത്യയില്‍ പുതിയ നിയമം; ഭാരതീയ ന്യായ് സംഹിത നടപ്പിലായി; ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത് ഡല്‍ഹിയില്‍; ഐപിസിയും സിആര്‍പിസിയും ചരിത്രമായി

രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്ല്യത്തില്‍ വന്നു. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തു.
ഡല്‍ഹി കമല മാര്‍ക്കറ്റ് പൊലീസാണ് ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് ആദ്യ കേസെടുത്തത്.

ബിഎന്‍എസ് (ഭാരതീയ ന്യായ സംഹിത) 285-ാം വകുപ്പ് പ്രകാരമാണ് കേസ്. വഴിയോര കച്ചവടക്കാരനെതിരേയാണ് കേസെടുത്തത്.

പൊതുഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയില്‍ ഇയാള്‍ മറ്റൊരാളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇത് പരിശോധിക്കാന്‍ എത്തിയപ്പോഴാണ് ലഹരിവില്‍പ്പന നടക്കുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്.

ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നീ നിയമങ്ങളാണ് ഇന്ന് മുതല്‍ നിലവില്‍ വന്നത്.

164 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി) അടക്കമുള്ള മൂന്നു നിയമങ്ങള്‍ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎന്‍എസ്) സിആര്‍പിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎന്‍എസ്എസ്), ഇന്ത്യന്‍ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധിനിയമവും (ബിഎസ്എ ) നിലവില്‍ വന്നു.

Read more

പേരുകള്‍ സംസ്‌കൃതത്തിലാകുന്നതിനൊപ്പം, അവയിലെ വിവിധ വ്യവസ്ഥകളിലും മാറ്റം വന്നു. എന്നാല്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്യുന്ന കേസുകളിലെ നടപടികള്‍ നിലവിലെ വ്യവസ്ഥയനുസരിച്ചു തുടരും. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 12നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. അപാകതകള്‍ പരിഹരിച്ച് ഡിസംബര്‍ 13ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബര്‍ 25നാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.