മുൻ കേന്ദ്രമന്ത്രി പശുപതി പരസിന്റെ പാർട്ടി എൻഡിഎ വിട്ടു; നിതീഷ് കുമാർ ദളിത് വിരുദ്ധനും മാനസിക രോഗിയാണെന്നും ആരോപണം, ബിഹാറിൽ ഒറ്റയ്ക്ക് മത്സരിക്കും

ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഡിഎ വിട്ട് മുൻ കേന്ദ്ര മന്ത്രിയും രാഷ്ട്രീയ ലോക്ശക്തി പാർട്ടി (ആർഎൽജെപി) അധ്യക്ഷനുമായ പശുപതി കുമാർപരസ്. തന്റെ പാർട്ടി എൻഡിഎ വിടുകയാണെന്ന് പശുപതി കുമാർപരസ് പ്രഖ്യാപിച്ചു. ബിഹാർ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് പ്രഖ്യാപനം.


അംബേദ്കർ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പട്നയിൽ തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്. ”2014 മുതൽ ഞാൻ ബിജെപിയുമായും എൻഡിഎയുമായും സഖ്യത്തിലായിരുന്നു. എന്നാൽ ഇന്ന് മുതൽ എൻഡിഎയുമായി ഒരു ബന്ധവുമില്ല”- പരസ് പറഞ്ഞു. ബിഹാർ തിരഞ്ഞെടുപ്പിൽ 243 സീറ്റിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ മാറ്റാൻ ബിഹാറിലെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞുവെന്നും പരസ് പറഞ്ഞു.

ജനസമ്പർക്കത്തിന്റെ ഭാഗമായി ഇതിനകം 22 ജില്ലകൾ സന്ദർശിച്ചതായും വരും ദിവസങ്ങളിൽ ശേഷിക്കുന്ന 16 ജില്ലകൾ സന്ദർശിക്കുമെന്നും പരസ് പറഞ്ഞു. നിതീഷ് കുമാറിനെതിരെ കടുത്ത വിമർശനങ്ങൾ അഴിച്ചുവിട്ടാണ് പരസ് എൻഡിഎ വിടുകയാണെന്ന് പ്രഖ്യാപിച്ചത്. നിതീഷ് ദളിത് വിരുദ്ധനും മാനസിക രോഗിയാണെന്നും പരസ് വിശേഷിപ്പിച്ചു. സംസ്ഥാനത്ത് ദളിതർക്കെതിരായ ആക്രമണങ്ങൾ വർധിച്ചതായും പരസ് ആരോപിച്ചു.