ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ്-വോട്ടെണ്ണല്‍ തീയതികളില്‍ മാറ്റം

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്-വോട്ടെണ്ണല്‍ തീയതികള്‍ മാറ്റണമെന്ന ആവശ്യം അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതോടെ ഒക്ടോബര്‍ 1ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് അഞ്ചിലേക്ക് മാറ്റി. വോട്ടെണ്ണല്‍ ഒക്ടോബര്‍ 8ന് നടക്കും. ബിഷ്‌ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണ് മാറ്റം.

നേരത്തെ ഹരിയാനയിലെ വോട്ടെണ്ണലിന് ഒപ്പം നടത്താനിരുന്ന ജമ്മു കശ്മീരിലെ വോട്ടെണ്ണലും ഇതോടൊപ്പം മാറ്റിയിട്ടുണ്ട്. ഒക്ടോബര്‍ 8ന് ആണ് ജമ്മു കശ്മീരിലും വോട്ടെണ്ണല്‍ നടക്കുക. ഹരിയാനയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ബിഷ്‌ണോയ് വിഭാഗക്കാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ഹരിയാനയിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകവും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. പോളിംഗ് ശതമാനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ആവശ്യം ഉന്നയിച്ചത്. ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.