"45-ലധികം രാജ്യങ്ങൾ പെഗാസസ് ഉപയോഗിക്കുന്നു, എന്തിനാണ് ഇന്ത്യയെ മാത്രം ലക്ഷ്യം വെയ്ക്കുന്നത്?": ബി.ജെ.പി

ഇസ്രയേൽ സ്പൈവെയർ നിർമാതാക്കളായ എൻ‌എസ്‌ഒയുടെ അഭിപ്രായത്തിൽ 45 രാജ്യങ്ങൾ പെഗാസസ് ഉപയോഗിക്കുന്നുണ്ട് എങ്കിൽ ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നത് എന്തിനാണെന്ന് ബി.ജെ.പി നേതാവും മുൻ ഐടി മന്ത്രി രവിശങ്കർ പ്രസാദ്.

പെഗാസസ് ലക്ഷ്യമിട്ട പ്രമുഖ വ്യക്തികളുടെ പട്ടിക വെബ് ന്യൂസ് പോർട്ടലായ ദി വയർ വെളിപ്പെടുത്തിയത് മുതൽ കേന്ദ്ര സർക്കാർ സമ്മർദ്ദത്തിലാണ്. ഈ സാഹചര്യത്തിലാണ് രവിശങ്കർ പ്രസാദിന്റെ പ്രതികരണം.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ രണ്ട് സഹായികളും പട്ടികയിലുണ്ടെന്ന് ഇന്ന് പോർട്ടൽ റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി, മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലാവാസ എന്നിവരും പെഗാസസ് ലക്ഷ്യമിട്ട പ്രമുഖരിൽ ഉൾപ്പെടുന്നു.