സെബി മേധാവി മാധബി പുരി രാജിവെയ്ക്കണം; അദാനി ഗ്രൂപ്പിന്റെ ഓഹരികളിലെ കൃത്രിമം സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കണം; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സിപിഎം

ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സെബി മേധാവി മാധബി പുരി സ്ഥാനമൊഴിയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഓഹരിവിപണിയിലെ പരമോന്നത നിയന്ത്രണ ഏജന്‍സിയായ സെബിയുടെ ചെയര്‍പേഴ്‌സണ് അദാനി ഗ്രൂപ്പിന്റെ നിഴല്‍ കമ്പനികളില്‍ പങ്കുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍ ഗുരുതരമാണ്.

സെബിയുടെ ചെയര്‍പേഴ്‌സണ്‍ മാധബി പുരിക്കും ഭര്‍ത്താവിനും അദാനി ഗ്രൂപ്പിന്റെ നിഴല്‍ കമ്പനികളില്‍ പങ്കുണ്ടെന്നാണ് അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തിയത്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മൂത്തസഹോദരനും ശതകോടീശ്വരനുമായ വിനോദ് അദാനിക്ക് ബന്ധമുള്ള ബര്‍മുഡയിലെയും മൗറീഷ്യസിലെയും നിഗൂഢമായ നിഴല്‍കമ്പനികളില്‍ മാധബി പുരിയ്ക്കും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും പങ്കാളിത്തമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണെന്നും കൃത്യമായ അന്വേഷണം നടക്കുന്നതുവരെ മാധബി പുരി സെബിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയിലെ കൃത്രിമം സംബന്ധിച്ചുള്ള മുഴുവന്‍ സംഭവങ്ങളും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ച് അന്വേഷിക്കണമെന്നും സിപിഎം പിബി ആവശ്യപ്പെട്ടു.