കോൺഗ്രസിൽ ചേർന്ന കനയ്യ കുമാറിനെതിരെ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. കനയ്യകുമാർ വ്യക്തിപരമായ അഭിലാഷങ്ങൾ മൂലമാണ് പാർട്ടിവിട്ടത്. അതിലൂടെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വിശ്വാസമില്ലെന്ന് കനയ്യ തെളിയിച്ചതായും കനയ്യയെ പാർട്ടി ചുമതലകളിൽ നിന്ന് പുറത്താക്കിയതായും ഡി. രാജ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആളുകൾ വരികയും വഞ്ചിച്ചു പോവുകയും ചെയ്യും. സി.പി.ഐ മുന്നോട്ടുപോവുക തന്നെ ചെയ്യും. പാർട്ടി വ്യക്ത്യാധിഷ്ഠിതമല്ല. അഭ്യൂഹം ഉണ്ടായപ്പോൾ പോലും പാർട്ടി വിടുന്ന കാര്യം കനയ്യ പറഞ്ഞില്ല. കനയ്യ സ്വയം പുറത്തു പോയതാണ്. കനയ്യ പാർട്ടിയോട് സത്യസന്ധത കാണിച്ചില്ലെന്നും ഡി. രാജ പറഞ്ഞു.
അത്ഭുത വിദ്യയിലൂടെയല്ല കനയ്യ നേതാവായത്. കമ്യൂണിസ്റ്റ് പാർട്ടിയാണ് ജെ.എൻ.യു സമരം ആരംഭിച്ചത്. സെപ്തംബർ ആദ്യം ചേർന്ന സി.പി.ഐ ദേശീയ യോഗത്തിൽ കനയ്യ പങ്കെടുത്തിരുന്നു. ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും കനയ്യ ഉയർത്തിയിരുന്നില്ല. കനയ്യയുടെ നടപടി സി.പി.ഐ- കോൺഗ്രസ് സഹകരണത്തെ ബാധിക്കില്ലെന്നും രാജ കൂട്ടിചേർത്തു.
അതേസമയം, കനയ്യ പാർട്ടിയെ വഞ്ചിച്ചു എന്ന അഭിപ്രായം തനിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന രാജയുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.
കനയ്യയുടെ തീരുമാനം നിർഭാഗ്യകരമാണ്. സിപിഐ വിട്ട് കനയ്യ പോകില്ല എന്നാണ് കരുതിയത്. അങ്ങനെയാണ് സിപിഐ നേതൃത്വം തന്നോട് പറഞ്ഞത്. കനയ്യയ്ക്ക് ബിഹർ ഘടകവുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് പരിഹരിച്ചതുമാണ്. എന്നിട്ടും എന്തു കൊണ്ട് പാർട്ടി വിട്ടു പോയി എന്നറിയില്ലെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു.
സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ചൊവ്വാഴ്ച കോൺഗ്രസിൽ ചേർന്നത്. ഞാൻ കോൺഗ്രസിൽ ചേരുന്നു, കാരണം ഇത് ഒരു പാർട്ടി മാത്രമല്ല, ഒരു ആശയമാണ്. ഇത് രാജ്യത്തെ ഏറ്റവും പഴയതും ജനാധിപത്യപരവുമായ പാർട്ടിയാണ്, ഞാൻ ‘ജനാധിപത്യ’ത്തിന് പ്രാധാന്യം നൽകുന്നു എന്നാണ് കനയ്യ പറഞ്ഞത്.
ഞാൻ മാത്രമല്ല, രാജ്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് ഇല്ലാതെ കഴിയില്ല എന്ന് പലരും കരുതുന്നു. കോൺഗ്രസ് പാർട്ടി ഒരു വലിയ കപ്പൽ പോലെയാണ്. അത് സംരക്ഷിക്കപ്പെടുകയാണെങ്കിൽ, അനേകം ആളുകളുടെ അഭിലാഷങ്ങൾ, മഹാത്മാഗാന്ധിയുടെ ഏകത്വം, ഭഗത് സിംഗിന്റെ ധൈര്യം, ബിആർ അംബേദ്കറുടെ തുല്യത എന്ന ആശയം എന്നിവയും സംരക്ഷിക്കപ്പെടും. അതുകൊണ്ടാണ് ഞാൻ അതിൽ ചേർന്നതെന്നും കനയ്യ കുമാർ പറഞ്ഞു.
Read more
ഒരു പ്രത്യേക പ്രത്യയശാസ്ത്രം ഇന്ത്യയുടെ മൂല്യങ്ങളും സംസ്കാരവും ചരിത്രവും ഭാവിയും നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കനയ്യ പറഞ്ഞു. കോൺഗ്രസിനെ രക്ഷിക്കാതെ രാജ്യത്തെ രക്ഷിക്കാൻ കഴിയില്ലെന്ന് “കോടിക്കണക്കിന് യുവാക്കൾ” കരുതുന്നുവെന്നും കനയ്യ കുമാർ അവകാശപ്പെട്ടു.