കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ്ങിനെ ഏറ്റെടുത്ത് രാജ്യം; പത്തു ദിവസം കൊണ്ട് സ്വരൂപിച്ചത് 65 ലക്ഷം രൂപ; വമ്പന്‍ വിജയത്തിലേക്ക്

ബിഹാറിലെ സ്ഥാനാര്‍ത്ഥിയായ കനയ്യ കുമാറിന്റെ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ആരംഭിച്ച ക്രൗഡ് ഫണ്ടിംഗ് വന്‍ വിജയത്തിലേക്ക്. ആരംഭിച്ച് പത്തു ദിവസത്തിനകം 65 ലക്ഷം രൂപയാണ് ക്രൗഡ് ഫണ്ടിങ്ങിലൂടെ സ്വരൂപിച്ചത്. പ്രതീക്ഷിക്കുന്ന തുകയുടെ 93 ശതമാനം തുകയും 24 ദിവസം ശേഷിക്കെ കനയ്യ കുമാറിന് ജനങ്ങള്‍ നല്‍കി.

തന്റെ വിജയത്തിനായി വോട്ടുകളും നോട്ടുകളും തന്ന് സഹായിക്കണമെന്നാണ് കനയ്യ കുമാര്‍ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചത്. 65,14,235 രൂപ പത്തു ദിവസം കൊണ്ട് അക്കൗണ്ടില്‍ ലഭിച്ചത്. അഞ്ച് ലക്ഷം രൂപ നല്‍കിയ മഹേശ്വര്‍ പേരി എന്ന വ്യക്തിയാണ് ഏറ്റവും കൂടുതല്‍ തുക നല്‍കിയിരിക്കുന്നത്.

2019 തിരഞ്ഞെടുപ്പ് ഒരു ചരിത്രത്തില്‍ പ്രത്യേകമായി രേഖപ്പെടുത്തപ്പെടുന്ന തിരഞ്ഞെടുപ്പാണെന്നും പണവും ജനങ്ങളും തമ്മിലുള്ള യുദ്ധമാണ് നടക്കാന്‍ പോകുന്നതെന്നും കനയ്യ പറഞ്ഞിരുന്നു.

ബിഹാറിലെ ബഗുസരായ് മണ്ഡലത്തിലാണ് സി.പി.ഐ സ്ഥാനാര്‍ത്ഥിയായി ജെഎന്‍യു സമരത്തിലൂടെ രാജ്യശ്രദ്ധയാകര്‍ഷിച്ച കനയ്യ മത്സരിക്കുന്നത്. ഒരു രൂപ വീതമുള്ള സംഭാവന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും സാധാരണക്കാരുടെയും ചൂഷണത്തിന് വിധേയരാവുന്നവരുടെയും ശബ്ദം പാര്‍ലമെന്റില്‍ എത്തിക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്ങിനെയാണ് കനയ്യ ബഗുസരായിയില്‍ നേരിടുന്നത്.ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട വിശാലസഖ്യം സി.പി.ഐയ്ക്ക് സീറ്റ് നല്‍കിയിരുന്നില്ല. തന്‍വീര്‍ ഹസനാണ് അവിടുത്തെ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി. ആര്‍.ജെ.ഡിക്ക് എതിരെയല്ല, ഗിരിരാജ് സിങ്ങിനെതിരെയാണ് തന്റെ പോരാട്ടമെന്ന് കനയ്യ വ്യക്തമാക്കിയിട്ടുണ്ട്.