1991ല്‍ സ്വയംഭരണാവകാശത്തിനുള്ള നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഡല്‍ഹിയ്ക്ക് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി സ്ഥാനത്തിനൊപ്പം തിരഞ്ഞെടുക്കപ്പെട്ട നിയമസഭ കൂടി കൈവരുന്നത്. സംസ്ഥാന പദവിയെ തുടര്‍ന്ന് 1993 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ വിജയിച്ചത് ബിജെപിയായിരുന്നു. ആ ഒന്നാം സര്‍ക്കാരില്‍ രണ്ട് ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് ശേഷം മൂന്നാമതൊരു മുഖ്യമന്ത്രി കൂടി അടുത്ത 1998ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായി. ഡല്‍ഹിയുടെ ചരിത്രത്തിലെ ആദ്യ വനിത മുഖ്യമന്ത്രി. ബിജെപിയുടെ സുഷമ സ്വരാജായിരുന്നു രാജ്യതലസ്ഥാനത്തെ ആദ്യ വനിത മുഖ്യമന്ത്രി. 52 ദിവസം മാത്രമാണ് ബിജെപി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ സുഷമ സ്വരാജ് ഡല്‍ഹി ഭരിച്ചത്. ആ സത്യപ്രതിജ്ഞയ്ക്ക് ശേഷം 27 കൊല്ലം ഡല്‍ഹിയില്‍ ബിജെപിയ്ക്ക് മറ്റൊരു മുഖ്യമന്ത്രി ഉണ്ടായില്ല.
സുഷമ സ്വരാജിന് ശേഷം ഡല്‍ഹിയെ തന്റെ കൈപ്പിടിയിലാക്കിയതും ഒരു വനിത നേതാവാണ്. ഡല്‍ഹിയെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത്. 1998 മുതല്‍ 2013 വരെ ഡല്‍ഹിയില്‍ ഷീല ഭരണം തുടര്‍ന്നു. പിന്നീട് ആംആദ്മി പാര്‍ട്ടിയുടെ 10 കൊല്ലത്തിലധികം നീണ്ട മൂന്ന് സര്‍ക്കാരുകള്‍. ഒടുവില്‍ ആപ്പിന്റെ അരവിന്ദ് കെജ്രിവാള്‍- അതിഷി കാലത്തിന് ശേഷം ബിജെപി ഡല്‍ഹിയെ പിടിച്ചടക്കി. 27 കൊല്ലത്തിനപ്പുറം സുഷമ സ്വരാജിന് പിന്‍ഗാമി. വമ്പന്‍ വിജയത്തിന് ശേഷം ആര് ഡല്‍ഹി ഭരിക്കുമെന്ന കാര്യത്തില്‍ ബിജെപി തീരുമാനം പുറത്തുവന്നിട്ടില്ല.
സുഷമയ്ക്ക് ശേഷം രണ്ടര പതിറ്റാണ്ടിനപ്പുറം ആര് ബിജെപി നയിക്കുമെന്ന് തീരുമാനിക്കാന്‍ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേരുകയാണ്. ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് ഫ്രാന്‍സ് യാത്രക്കളാണ് മുഖ്യമന്ത്രി തീരുമാനം വൈകാന്‍ ഇടയാക്കിയത്. ബിജെപി നിരീക്ഷകരുടെ സാന്നിധ്യത്തില്‍ വൈകിട്ട് 6.15ന് ആണ് പ്രധാനമന്ത്രിയുടെ വസതിയിലെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ പേര് തീരുമാനമാകുക.
വ്യാഴാഴ്ച 11 മണിയ്ക്ക് വന്‍ ആഘോഷമായാണ് ബിജെപിയുടെ മുഖ്യമന്ത്രി ഡല്‍ഹി രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ബിജെപിയുടെ പ്രധാന നേതാക്കളും മതനേതാക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുക്കും. ഒപ്പം എന്‍ഡിഎയുടെ സഖ്യകക്ഷികളും മുഖ്യമന്ത്രിമാരും ചടങ്ങില്‍ സംബന്ധിക്കും. മുന്‍ മുഖ്യമന്ത്രി അതിഷിയേയും അരവിന്ദ് കെജ്രിവാളിനേയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.