കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് നേരെ ആക്രമണ ശ്രമം നടത്തി ഖലിസ്ഥാനി വിഘടനവാദികൾ; പ്രതിഷേധം അറിയിക്കാൻ ഇന്ത്യ

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിന് നേരെ ആക്രമണ ശ്രമം. ലണ്ടനിലാണ് ഖാലിസ്ഥാൻ വിഘടനവാദി സംഘടനകൾ കേന്ദ്ര വിദേശകാര്യമന്ത്രിയുടെ വാഹനം ആക്രമിക്കാൻ നോക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ അടക്കം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അജ്ഞാതനായ ഒരാൾ എസ് ജയ്‌ശങ്കറിൻ്റെ കാറിന് നേരെ പാ‌ഞ്ഞടുക്കുന്നതും തുടർന്ന് ഇന്ത്യ പതാക കീറിയെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലണ്ടനിലെ ഛതം ഹൗസിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. വേദിക്ക് പുറത്ത് ഖലിസ്ഥാൻ അനുകൂലികൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കി.

അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്രമന്ത്രി ലണ്ടനിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് സന്ദർശനം. വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധ സഹകരണത്തിൽ അടക്കം ചർച്ച നടക്കും. അതേസമയം സംഭവത്തിൽ ബ്രിട്ടനെ പ്രതിഷേധം അറിയിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.