ചൈനയെ കൂട്ടുപിടിച്ച് മാലദ്വീപ്, ഇന്ത്യയോട് മാര്‍ച്ച് 15-നകം സൈന്യത്തെ പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുയിസു; നടപടി ചൈനാ സന്ദര്‍ശനത്തിന് പിന്നാലെ

ഇന്ത്യയോട് ദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാലദ്വീപ്. മാര്‍ച്ച് 15-നകം മാലദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയ്‌സു ഇന്ത്യയോടെ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ടൂറിസത്തെച്ചൊല്ലി മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയും നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി ഇന്ത്യ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയ്‌സുവിന്റെ ചൈന സന്ദര്‍ശനത്തിന് പിന്നാലെയാണ് രാജ്യം ഇന്ത്യന്‍ സൈന്യം രാജ്യം വിടണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 88 ഇന്ത്യന്‍ സൈനികരാണ് മാലദ്വീപിലുള്ളത്. ഇന്ത്യന്‍ സൈന്യത്തിന് മാലദ്വീപില്‍ തുടരാനാവില്ലെന്നും ഇത് രാജ്യത്തിന്റെ പ്രസിഡന്റ് മൊഹമ്മദ് മുയ്‌സുവിന്റേയും സര്‍ക്കാരിന്റെയും നയമാണെന്നും മാലദ്വീപ് പ്രസിഡന്റ് ഓഫീസ് പബ്ലിക് പോളിസി സെക്രട്ടറി അബ്ദുല്ല നാസിം ഇബ്രാഹിം പറഞ്ഞതായി പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കടല്‍ സുരക്ഷയ്ക്കും ദുരന്ത നിവാരണത്തിനുമായാണ് ഇന്ത്യന്‍ സൈന്യം മാലദ്വീപിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശം വിവാദമാവുകയും മന്ത്രിമാരെ നീക്കുകയും ചെയ്തതിന് പിന്നാലെ അഞ്ചുദിവസം നീണ്ട പ്രസിഡന്റിന്റെ ചൈനാ സന്ദര്‍ശനത്തിനും ശേഷമാണ് മാലദ്വീപ് ഇന്ത്യയോട് നിലപാട് കടുപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യക്ക് പകരം ചൈനയിലേക്ക് കൂടുതല്‍ ചായാനും ബന്ധം നിലനിര്‍ത്താനുമാണ് മാലദ്വീപ് തയ്യാറാവുന്നതെന്നതിന്റെ സൂചനയാണിത്. ചൈനയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവാണ് മൊയ്‌സു.

തിരഞ്ഞെടുപ്പില്‍ ‘ഇന്ത്യ ഔട്ട്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മൊഹമ്മദ് മുയ്‌സു അധികാരത്തില്‍ എത്തിയത്. അധികാരത്തിലെത്തിയതു മുതല്‍ മാലദ്വീപില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന മുയ്‌സും സമയപരിധി നിശ്ചയിച്ച് മാര്‍ച്ച് 15ന് അകം പുറത്തുപോകണമെന്ന നിലയില്‍ നിലപാട് കടുപ്പിച്ചത് ഇതാദ്യമായാണ്. ചൈന സന്ദര്‍ശിച്ച മുയിസു 20 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചിരുന്നതടക്കം ഇന്ത്യക്ക് അപ്പുറം മേഖലയില്‍ ചൈനയെ പങ്കാളിയാക്കി മുന്നേറാന്‍ മാലദ്വീപ് ശ്രമിക്കുന്നതിന്റെ സ്ഥിരീകരണം കൂടിയാണ്.