'അനന്തരവൻ ആകാശ് ആനന്ദിനെ വീണ്ടും പിൻഗാമിയായി പ്രഖ്യാപിച്ച് മായാവതി'; പാർട്ടിയുടെ ദേശീയ കോർഡിനേറ്റർ പദവിയും വഹിക്കും

അനന്തരവൻ ആകാശ് ആനന്ദിനെ വീണ്ടും തൻ്റെ പിൻഗാമിയായി പ്രഖ്യാപിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് മായാവതി. പാർട്ടിയുടെ ദേശീയ കോർഡിനേറ്റർ പദവിയും ആകാശ് ആനന്ദിന് നൽകി. ലഖ്‌നൗവിൽ നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് പ്രഖ്യാപനം.

ഇത് രണ്ടാം തവണയാണ് ആകാശ് ആനന്ദിനെ മായാവതി തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത്. ഡിസംബറിലാണ് മായാവതിയുടെ പിൻഗാമിയായി 29-കാരനെ ആദ്യമായി തിരഞ്ഞെടുത്തത്. മാസങ്ങൾക്ക് മുൻപ് മായാവതിയുടെ പിൻഗാമി സ്ഥാനത്ത് നിന്ന് ആകാശിനെ നീക്കിയിരുന്നു. പാർട്ടിയുടെയും പ്രസ്ഥാനത്തിൻ്റെയും താൽപ്പര്യം കണക്കിലെടുത്ത്, പൂർണ്ണ പക്വത കൈവരിക്കുന്നത് വരെ രണ്ട് സുപ്രധാന ഉത്തരവാദിത്തങ്ങളിൽ നിന്നും ആനന്ദിനെ ഒഴിവാക്കുന്നുവെന്നായിരുന്നു അന്ന് മായാവതി നൽകിയ വിശദീകരണം.

ആകാശിൻ്റെ പിതാവ് ആനന്ദ് കുമാറിനാണ് അന്ന് പാർട്ടി ചുമതലകൾ നൽകിയത്. ആകാശിൻ്റെ പക്വതയില്ലായ്മ മൂലമാണ് ആകാശിനെ പുറത്താക്കിയതെന്ന് പാർട്ടി നേതൃത്വവും അറിയിച്ചിരുന്നു. ഏപ്രിലിൽ, സീതാപൂരിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിൽ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ച് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആകാശിനും മറ്റ് നാല് പേർക്കുമെതിരെ കേസെടുത്തിരുന്നു. ഇതേത്തുടർന്നായിരുന്നു ആകാശിനെതിരെയുള്ള നടപടി.

അതേസമയം ആകാശിനെ തിരിച്ചെടുത്തതിന് പിന്നിലെ കാരണം ആസാദ് സമാജ് പാർട്ടിയുടെ പ്രസിഡൻ്റും പ്രമുഖ ദളിത് നേതാവുമായ ചന്ദ്രശേഖർ ആസാദിൻ്റെ ഉയർച്ചയാണെന്ന് ബിഎസ്പി നേതാക്കൾ അറിയിച്ചു. ചന്ദ്രശേഖർ നാഗിന ലോക്‌സഭാ സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഭാരതീയ ജനതാ പാർട്ടിയുടെ ഓം കുമാറിനെ പരാജയപ്പെടുത്തി വിജയിച്ചിരുന്നു.