നവജാതശിശുക്കൾ കരിഞ്ചന്തയിൽ വിൽപ്പനയ്ക്ക്, വില അഞ്ചു ലക്ഷം; സിബിഐ റെയ്ഡിൽ രക്ഷിച്ചത് 2 നവജാത ശിശുക്കളെ

ഡൽഹിയിൽ കുട്ടികളെ കടത്തുന്ന സംഘങ്ങളെ ലക്ഷ്യമിട്ട് സിബിഐ നടത്തിയ റെയ്ഡിൽ രണ്ട് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി നടത്തിയ റെയ്ഡിൽ ഒരാൾ അറസ്റ്റിലായതായും കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതായും സിബിഐ അറിയിച്ചു. ഡൽഹിയിലെ കേശവ്പുരം എന്ന സ്ഥലത്തെ ഒരു വീട്ടിൽ നിന്നാണ് സിബിഐ നവജാത ശിശുക്കളെ രക്ഷിച്ചത്. നവജാത ശിശുക്കളെ വാങ്ങി മറിച്ച് വിൽക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം.

അറസ്റ്റിലായവരിൽ ഒരു ആശുപത്രി വാർഡ് ബോയിയും മറ്റ് നിരവധി സ്ത്രീകളും ഉൾപ്പെടുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം 10 കുട്ടികളെ വിറ്റതായി സിബിഐ വൃത്തങ്ങൾ അറിയിച്ചു. കുട്ടികളെ കടത്തി വ്യാപാരം ചെയ്യുന്ന അധോലോക സംഘങ്ങൾ രാജ്യതലസ്ഥാനത്ത് സജീവമാണെന്നാണ് സിബിഐ നൽകുന്ന വിവരം.

നവജാതശിശുക്കളെ കരിഞ്ചന്തയിൽ ചരക്കുകളായി വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതായി സിബിഐ വൃത്തങ്ങൾ അറിയിച്ചു. കുട്ടികളെ വിറ്റ സ്ത്രീയെയും വാങ്ങിയവരെയും ഉൾപ്പെടെ സിബിഐ ചോദ്യം ചെയ്യും. സിബിഐ അന്വേഷണം ഒന്നിലധികം സംസ്ഥാനങ്ങളിൽ നടക്കുന്നുണ്ട്. പല പ്രധാന ആശുപത്രികളും പരിശോധനയും സിബിഐ നടത്തുന്നുണ്ട്.

Read more

നവജാതശിശുക്കളെ 4 മുതൽ 5 ലക്ഷം രൂപ വരെയുള്ള അമിത തുകയ്ക്കാണ് വിൽക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സിബിഐ അറിയിച്ചു.