സ്വവർഗാനുരാഗം ലൈംഗിക കുറ്റകൃത്യമാക്കിയുള്ള എംബിബിഎസ് പാഠ്യപദ്ധതി പിൻവലിച്ച് എൻഎംസി; നീക്കം വിമർശനങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ

സ്വവർഗാനുരാഗം ലൈംഗിക കുറ്റകൃത്യമാക്കി പരിഷ്കരിച്ച യുജി മെഡിക്കല്‍ വിദ്യാർഥികളുടെ ഫോറൻസിക് മെഡിക്കല്‍ പാഠ്യപദ്ധതി പിൻവലിച്ച് നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ (എൻഎംസി). വിമർശനങ്ങള്‍ ഉയർന്ന പശ്ചാത്തലത്തിലാണ് പാഠ്യപദ്ധതി പൂർണമായും പിൻവലിച്ചത്. പാഠ്യപദ്ധതി പരിഷ്കരിച്ചതിന് ശേഷം വീണ്ടും അപ്‌ലോഡ് ചെയ്യുമെന്ന് ഔദ്യോഗിക ഉത്തരവില്‍ പറയുന്നു.

സ്വവർഗാനുരാഗം ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കീഴിലുള്‍പ്പെടുത്തിയതിന് പുറമെ 2022ല്‍ മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം പാഠ്യപദ്ധതിയില്‍ നിന്ന് നീക്കം ചെയ്ത കന്യാചർമത്തിന്റെ പ്രധാന്യം, കന്യകാത്വത്തിന്റെ നിർവചനം, നിയമസാധുത തുടങ്ങിയവയും തിരിച്ചുകൊണ്ടുവന്നിരുന്നു.

Read more

എല്‍ജിബിടിക്യുഎ+ വിഭാഗത്തിന് വിദ്യാഭ്യാസം കൂടുതല്‍ സൗഹാർദപരമാകുന്നതിനുവേണ്ടി എൻഎംസി 2022ല്‍ ഉള്‍പ്പെടുത്തിയ ക്വീർ വ്യക്തികള്‍ തമ്മില്‍ സമ്മതത്തോടെയുള്ള ലൈംഗികബന്ധം, വിവാഹേതരബന്ധം, ലൈംഗികകുറ്റകൃത്യങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വ്യത്യാസങ്ങളും പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഒക്ടോബറില്‍ എംബിബിഎസിന്റെ പുതിയ ബാച്ചിന് ക്ലാസ് ആരംഭിക്കാനിരിക്കെയാണ് നീക്കം.