മാസ്‌ക്കില്ലെങ്കില്‍ കേസില്ല; നിര്‍ദ്ദേശം നല്‍കി കേന്ദ്രം

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് എതിരെ കേസെടുക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആള്‍ക്കൂട്ടങ്ങള്‍ക്കും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കേസെടുക്കേണ്ടതില്ലെന്നും കേന്ദ്രം അറിയിച്ചു.

ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. അതേ സമയം കേന്ദ്രസര്‍ക്കാരിന്റെ മറ്റ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് തുടരണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് കേസുകൾ കൂടുന്ന മുറയ്ക്ക് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്താം. മുൻകരുതലിന്റെ ഭാഗമായി മാസ്കും സാനിറ്റൈസറും ഒഴിവാക്കാത്തതാണ് നല്ലതെന്നും കേന്ദ്രം വ്യക്തമാക്കി.

കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ 2020ലാണ് മാസ്‌ക് ധരിക്കാനും കൂടിച്ചേരലുകള്‍ ഒഴിവാക്കാനും അടക്കമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയത്. ഈ നിയന്ത്രണം നടപ്പാക്കി കൊണ്ടുള്ള ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 25ന് അവസാനിക്കും. തുടര്‍ന്ന് ഈ നിയന്ത്രങ്ങള്‍ ഉണ്ടാവില്ല.