ഒമൈക്രോൺ ഭീതി; മധ്യപ്രദേശിന് പുറമേ യു.പിയിലും രാത്രികാല കർഫ്യൂ

രാജ്യത്ത് ഒമൈക്രോൺ രോ​ഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ മധ്യപ്രദേശിന് പുറമേ ഉത്തർപ്രദേശിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ. വെള്ളിയാഴ്ച രാത്രി മുതൽ മധ്യപ്രദേശിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ച രാത്രി മുതൽ കർഫ്യൂ ഏർപ്പെടുത്തുമെന്ന് യുപി സർക്കാരും വ്യക്തമാക്കി.

മധ്യപ്രദേശില്‍ ഇതുവരെ ഒമൈക്രോണ്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതലിന്റെ ഭാ​ഗമായി നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ആവശ്യമെങ്കിൽ കൂടുതൽ നടപടിയിലേക്ക് കടക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ അറിയിച്ചു. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാനാണ് ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനം.

പൊതുപരിപാടികൾക്കും വിവാഹങ്ങൾക്കും 200 പേർ മാത്രമേ പാടുള്ളൂ, കോവിഡ് പ്രോട്ടോക്കോളുകൾ നിർബന്ധമായും പാലിച്ചായിരിക്കണം പരിപാടികളെന്നും നിർദേശത്തിൽ പറയുന്നു. മാസ്ക് ഇല്ലാത്തവർക്ക് സാധനങ്ങൾ നൽകരുതെന്ന് കടയുടമകളോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതായി സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.

Read more

രാജ്യത്ത് ഇതുവരെ 358 പേര്‍ക്ക് ഒമൈക്രോണ്‍ ബാധിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടിട്ടുളള കണക്ക്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും പൊതു സ്ഥലങ്ങളില്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ വിലക്ക് ലംഘിച്ച് കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ച ഒരു ഹോട്ടല്‍ ദുരന്ത നിവാരണ അതോറിറ്റി അടച്ചുപൂട്ടി.