സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ മുൻ മേധാവി മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാനുള്ള കീഴ്കോടതി ഉത്തരവ് താൽകാലികമായി സ്റ്റേ ചെയ്ത് മുംബൈ ഹൈകോടതി. മുംബൈയിലെ സ്പെഷ്യൽ ആന്റികറപ്ഷൻ ബ്യൂറോ(എസിബി) കോടതിയാണ് അന്തിമ വിധിയുണ്ടാകും വരെ നിർത്തിവെക്കാൻ ഉത്തരവിട്ടിരിക്കുന്നത്. മാധബി പുരി ബുച്ചിനും അഞ്ച് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു എസിബി കോടതിയുടെ നിർദ്ദേശം.
സെബി ഡയറക്ടർബോർഡ് അംഗമായിരിക്കെ ഓഹരി വിപണി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന കണ്ടെത്തലിലാണ് കോടതി ഇത്തരത്തിൽ നിർദ്ദേശിച്ചത്. ഇതിനെതിരെയാണ് ആറുപേരും ഹൈകോടതിയെ സമീപിച്ചത്. കീഴ്കോടതിയുടെ ഉത്തരവ് നാലാഴ്ച്ചത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
വിശദാംശങ്ങളിലേക്ക് കടക്കാതെയും പ്രതികളുടെ പ്രത്യേകമായ പങ്ക് ആരോപിക്കാതെയും യാന്ത്രികമായി പാസാക്കിയതാണ് മാർച്ച് ഒന്നിന് പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവെന്ന് ജസ്റ്റിസ് ശിവകുമാർ ദിഗെ ചൂണ്ടിക്കാട്ടി. കേസിൽ പരാതിക്കാരനായ സപൻ ശ്രീവാസ്തവയ്ക്ക് ഹർജികൾക്ക് മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ നാലാഴ്ച സമയം നൽകുന്നതായും ഹൈക്കോടതി വ്യക്തമാക്കി.
മാധവി പുരി ബുച്ച്, സെബിയുടെ നിലവിലെ മുഴുവൻ സമയ ഡയറക്ടർമാരായ അശ്വനി ഭാട്ടിയ, അനന്ത് നാരായണൻ ജി, കമലേഷ് ചന്ദ്ര വർഷ്ണി, ബിഎസ്ഇ ഉദ്യോഗസ്ഥരായ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രാമമൂർത്തി, മുൻ ചെയർമാനും പൊതു താൽപര്യ ഡയറക്ടറുമായ പ്രമോദ് അഗർവാൾ എന്നിവർ നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ വിധി. 1994-ൽ ബിഎസ്ഇയിൽ ഒരു കമ്പനി ലിസ്റ്റ് ചെയ്തപ്പോൾ നടന്ന ചില തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് (എസിബി) നിർദ്ദേശം നൽകിയ പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
Read more
ഉത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ഹർജികളിൽ ആരോപിച്ചു. വലിയ തോതിലുള്ള സാമ്പത്തിക തട്ടിപ്പ്, നിയന്ത്രണ ലംഘനങ്ങൾ, അഴിമതി എന്നിവ ഉൾപ്പെടെയുള്ള പ്രതികളുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ റിപ്പോർട്ടറായ സപൻ ശ്രീവാസ്തവ നൽകിയ പരാതിയിലാണ് പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.