റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യതലസ്ഥാനം; നാരീശക്തി വിളിച്ചോതി പരേഡ്, കർത്തവ്യപഥിൽ വർണാഭമായ ചടങ്ങുകൾ

75–ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യതലസ്ഥാനം. നാരീശക്തി വിളിച്ചോതുന്ന പരേഡിന് കർത്തവ്യപഥ് സാക്ഷിയായി. ഇത്തവണത്തെ പരേഡിൽ 80 ശതമാനവും സ്ത്രീകളണ് അണിനിരന്നത്. ‘വികസിത ഭാരതം’, ‘ഇന്ത്യ ജനാധിപത്യത്തിൻറെ മാതാവ്’ എന്നിവയായിരുന്നു പ്രമേയങ്ങൾ. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണായിരുന്നു മുഖ്യാതിഥി.

സ്ത്രീ ശക്തി മുൻനിർത്തി ഇന്ത്യൻ സാംസ്കാരിക പൈതൃകത്തിൻറെയും സൈനിക ശക്തിയുടെയും പ്രകടനമാണ് കർത്തവ്യപഥിൽ നടന്നത്. ചരിത്രത്തിലാദ്യമായി നൂറിലധികം വനിതാ കലാകാരികൾ ഇന്ത്യൻ സംഗീതോപകരണങ്ങൾ വായിച്ച് പരേഡിന് തുടക്കം കുറിച്ചു. സംയുക്ത സേന, കേന്ദ്ര പോലീസ് സേന എന്നി വിഭാഗങ്ങളെ പ്രതിനിധീകരിച്ചത് മുഴുവനും വനിതകലായിരുന്നു. ഫ്ലൈ പാസ്റ്റിലും വനിതാ പൈലറ്റുമാരാണ് പങ്കെടുത്തത്. സിആർപിഎഫ്, എസ്‍എസ്ബി, ഐടിബിപി എന്നിവയിൽ നിന്നുള്ള വനിത സേനാഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനം നടത്തി.

ഫ്രഞ്ച് പ്രസിഡൻറ് മുഖ്യാത്ഥിയായ റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ 90 അംഗ ഫ്രഞ്ച് സേനയും ഭാഗമായി. റഫാൽ യുദ്ധ വിമാനങ്ങൾ , ടി 90 ടാങ്ക്, നാഗ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചർ എന്നിവ പ്രതിരോധ കരുത്തിൻറെ അടയാളമായി. 54 യുദ്ധ വിമാനങ്ങളാണ് ഇത്തവണ പരേഡിൽ പങ്കെടുത്തത്. ഇതിൽ മൂന്നെണ്ണം ഫ്രഞ്ച് സേനയുടേതായിരുന്നു.

Read more

പതിനാറ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിശ്ചലദൃശ്യങ്ങൾ അവതരിപ്പിച്ചു. മണിപ്പൂരും പരേഡിൽ നിശ്ചലദൃശ്യം അവതരിപ്പിച്ച് പങ്കെടുത്തു. അയോധ്യയിലെ രാംലല്ലയും നമോ ഭാരത് ട്രെയിനുമായിരുന്നു ഉത്ത‍ർപ്രദേശ് ദൃശ്യാവിഷ്കരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്. യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർത്തവ്യപഥിൽ എത്തിയത്.