“പാർലമെന്റ് അനുമതി നൽകിയ നിയമത്തെ ഒരു സംസ്ഥാനത്തിനും വേണ്ടെന്ന് പറയാൻ കഴിയില്ല”; കപിൽ സിബലിനെ അനുകൂലിച്ച് സൽമാൻ ഖുർഷിദ്

പൗരത്വ നിയമ ഭേദഗതി(സി‌എ‌എ)യുമായി ബന്ധപ്പെട്ട കപിൽ സിബലിന്റെ പ്രസ്താവനയെ അനുകൂലിച്ച് പാർട്ടി സഹപ്രവർത്തകനും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ്. “നിയമ പുസ്തകത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ആ നിയമം നിങ്ങൾ അനുസരിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം അനന്തരഫലങ്ങൾ ഉണ്ടാകും” സൽമാൻ ഖുർഷിദ് പറഞ്ഞു. പാർലമെന്റ് പാസാക്കിയ നിയമത്തോട് ഒരു സംസ്ഥാനത്തിന് “ഇല്ല” എന്ന് പറയാൻ കഴിയില്ലെന്ന് ശനിയാഴ്ച സിബൽ പറഞ്ഞിരുന്നു.

“സുപ്രീം കോടതി ഇടപെടുന്നില്ലെങ്കിൽ, അത് സ്റ്റാറ്റ്യൂട്ട് ബുക്കിൽ (നിയമ പുസ്തകം) തുടരും. സ്റ്റാറ്റ്യൂട്ട് ബുക്കിലുണ്ടെങ്കിൽ നിങ്ങൾ നിയമം അനുസരിക്കണം, അല്ലാത്തപക്ഷം അനന്തരഫലങ്ങൾ ഉണ്ടാകും,” ഖുർഷിദ് ശനിയാഴ്ച എ.എൻ.ഐയോട് പറഞ്ഞു.

“ഈ (സി‌എ‌എ) നിയമത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രവുമായി വളരെ ഗൗരവമുള്ള അഭിപ്രായ വ്യത്യാസമുണ്ട്. അതിനാൽ, സുപ്രീംകോടതിയുടെ അന്തിമ പ്രഖ്യാപനത്തിനായി നമ്മൾ കാത്തിരിക്കണം. ആത്യന്തികമായി, ഉന്നത കോടതി തീരുമാനിക്കും, അതുവരെ പറഞ്ഞതും ചെയ്തുതും, ചെയ്യാത്തതും എല്ലാം താൽക്കാലികമാണ്. ” സൽമാൻ ഖുർഷിദ് പറഞ്ഞു.

ശനിയാഴ്ച കോഴിക്കോട് നടന്ന കേരള സാഹിത്യോത്സവത്തിൽ (കെ‌എൽ‌എഫ്) പങ്കെടുത്ത കപിൽ സിബൽ, “പാർലമെന്റ് അനുമതി നൽകിയ നിയമത്തെ ഒരു സംസ്ഥാനത്തിനും വേണ്ടെന്ന് പറയാൻ കഴിയില്ല” എന്ന് പറഞ്ഞിരുന്നു.

“ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോൾ, നാമെല്ലാവരും ഒരുമിച്ച് നിൽക്കണം, കാരണം ഇത് ദേശീയ നിയമനിർമ്മാണമാണ്. സി‌എ‌എ പാസാക്കിയാൽ ഒരു സംസ്ഥാനത്തിനും “” ഞങ്ങൾ അത് നടപ്പാക്കില്ല “” എന്ന് പറയാൻ കഴിയില്ലെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അത് സാധ്യമല്ല. അത് ഭരണഘടനാ വിരുദ്ധമാണ്. നിങ്ങൾക്ക് അതിനെ എതിർക്കാം. നിങ്ങൾക്ക് നിയമസഭയിൽ പ്രമേയം പാസാക്കാനും അത് പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും കഴിയും.” കപിൽ സിബൽ പറഞ്ഞു.

Read more

“എന്നാൽ അത് നടപ്പാക്കില്ലെന്ന് ഭരണഘടനാപരമായി പറയുന്നത് പ്രശ്‌നകരമാവുകയും അത് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യും. അതിനാൽ, നമ്മൾ ചെയ്യേണ്ടത് രാഷ്ട്രീയമായി ഒത്തുചേരുക, പൗരത്വ നിയമത്തിനെതിരെ പോരാടുക, കോൺഗ്രസ് പാർട്ടിയെ ദേശീയ തലത്തിൽ ഈ പോരാട്ടത്തെ നയിക്കാൻ അനുവദിക്കുക,” അദ്ദേഹം കൂട്ടിച്ചേർത്തു.