ഷർജീൽ ഇമാമിന് കോവിഡ് സ്ഥിരീകരിച്ചു; അസമിൽ നിന്നും ഡൽഹിയിലേക്ക് കൊണ്ടുവരുന്നത് വൈകും

നിലവിൽ അസമിലെ ഗുവാഹത്തി സെൻട്രൽ ജയിലിൽ കഴിയുന്ന ഷർജീൽ ഇമാമിന് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 17 ന് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിന്റെ സംഘം ഷർജീൽ ഇമാമിനെ കസ്റ്റഡിയിലെടുത്ത് ഡൽഹിയിലേക്ക് തിരികെ കൊണ്ടുവരാൻ അസമിലെത്തിയിരുന്നു.

എന്നാൽ കൊണ്ടുവരുന്നതിന് മുമ്പ് ഷർജീൽ ഇമാമും ഡൽഹി പൊലീസ് സംഘവും കോവിഡ് -19 പരിശോധന നടത്തി. പരിശോധനയിൽ പൊലീസ് സംഘം നെഗറ്റീവ് ആയപ്പോൾ. വിദ്യാർത്ഥി പ്രവർത്തകന്റെ സാമ്പിൾ പോസിറ്റീവ് ആയി.

രോഗം ഭേദമാകുകയും റിപ്പോർട്ട് നെഗറ്റീവ് ആകുകയും ചെയ്യുന്നതുവരെ ഷർജീൽ ഇമാമിനെ ഡൽഹിയിലേക്ക് കൊണ്ടുവരുന്നത് വൈകിപ്പിക്കാൻ ഡൽഹി പൊലീസ് തീരുമാനിച്ചു.

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) ചരിത്ര പഠന കേന്ദ്രത്തിലെ പിഎച്ച്ഡി വിദ്യാർത്ഥിയാണ് ഷർജീൽ. കഴിഞ്ഞ വർഷം ഡിസംബറിൽ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലക്ക് പുറത്ത് അക്രമത്തിന് കാരണമായ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യു‌എ‌പി‌എ) പ്രകാരം ഇയാൾക്കെതിരെ കേസെടുത്തത്.

ഐ.പി.സി 124 എ (രാജ്യദ്രോഹം), 153 എ (മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ, ജാതി അല്ലെങ്കിൽ സമൂഹം അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങളാൽ ശത്രുത വളർത്താനോ ഐക്യം നശിപ്പിക്കാനോ ശ്രമിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യൽ) എന്നീ വകുപ്പുകൾ പ്രകാരം ജനുവരി 25 ന് ഡൽഹി പൊലീസ് അദ്ദേഹത്തിനെതിരെ എഫ്.‌ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഈ അന്വേഷണം കലാപങ്ങളുടെ ധനസഹായവും വലിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ്. പ്രൊഡക്ഷൻ വാറന്റിൽ അദ്ദേഹത്തെ ഡൽഹിയിലേക്ക് കൊണ്ടുവരും, തുടർന്ന് ജയിൽ അധികൃതർ അറസ്റ്റ് ചെയ്യും.